05:49am 12 November 2026
NEWS
സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ അസ്ഥികൾ വിജിലിന്റേത് തന്നെ
16/12/2025  11:34 AM IST
nila
സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ അസ്ഥികൾ വിജിലിന്റേത് തന്നെ

കോഴിക്കോട്: സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ അസ്ഥികൾ, 2019ൽ കാണാതായ വെസ്റ്റ്ഹിൽ സ്വദേശിയായ കെ.ടി. വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ ഫോറൻസിക് ലാബിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് അസ്ഥികൾ വിജിലിന്റേതെന്ന് സ്ഥിരീകരിച്ചത്. വിജിലിനെ കാണാതായതുമായി ബന്ധപ്പെട്ട് 2019ൽ തന്നെ നിലച്ച പൊലീസ് അന്വേഷണം വീണ്ടും ഊർജ്ജിതമായതോടെയാണ് സരോവരത്തെ ചതുപ്പിൽ നിന്നും അസ്ഥികൾ കണ്ടെടുത്തത്. 

2019 മാർച്ച് 24ന് പ്രഭാതഭക്ഷണത്തിനു ശേഷം വീട്ടിൽ നിന്ന് ബൈക്കിൽ പുറപ്പെട്ട വിജിൽ ഉച്ചയ്ക്ക് മടങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാൽ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. സുഹൃത്തുക്കളെയും ബന്ധുക്കളെയും അന്വേഷിച്ചിട്ടും വിവരം ലഭിക്കാതിരുന്നതോടെ ഏപ്രിൽ 4ന് പിതാവ് വിജയൻ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. 

വർഷങ്ങൾക്ക് ശേഷം വീണ്ടും ആരംഭിച്ച അന്വേഷണത്തിലാണ് വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും സംശയവലയത്തിലായത്. അമിതമായ ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചതായും തുടർന്ന് മൃതദേഹം സരോവരത്തെ ചതുപ്പിൽ കുഴിച്ചിട്ടതായും ഇരുവരും പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. സെപ്റ്റംബറിൽ നടത്തിയ വിശദമായ തിരച്ചിലിലാണ് ചതുപ്പിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തിയത്.

ഏഴുദിവസം നീണ്ട പരിശോധനയിലാണ് 7 മീറ്റർ ആഴത്തിൽ നിന്ന് 58 അസ്ഥികൾ കണ്ടെത്തിയത്. തലയോട്ടിയുടെ മുകൾ ഭാഗവും ഇടത് കൈയുടെ ചില ഭാഗങ്ങളും വിരലുകളും ഒഴികെ ശരീരത്തിലെ ഭൂരിഭാഗം അസ്ഥികളും ലഭിച്ചതായി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img