10:35pm 30 September 2026
NEWS
മലാപ്പറമ്പ് പെൺവാണിഭത്തിൽ പൊലീസുകാർക്കും പങ്ക്?
10/06/2025  11:30 AM IST
nila
 മലാപ്പറമ്പ് പെൺവാണിഭത്തിൽ പൊലീസുകാർക്കും പങ്ക്?

മലാപ്പറമ്പ് പെൺവാണിഭത്തിൽ രണ്ട് പൊലീസുകാർക്കെതിരെയും അന്വേഷണം. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരിയുമായി കോഴിക്കോട് ചില പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ ഫോണിൽ ബന്ധപ്പെട്ടതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ആരോപണ വിധേയരായ പൊലീസുകാരെ നിലവിൽ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നു മാറ്റിയെന്നും റിപ്പോർട്ടുണ്ട്. 

വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നീ പ്രതികളെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ ഫോണിൽ നിന്നും രണ്ട് പൊലീസുകാരുടെ വിവരങ്ങൾ ലഭിച്ചത്. 2022ൽ  ബിന്ദുവിനെതിരെയുള്ള പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് ബിന്ദുവിന് നോട്ടിസ് നൽകി വിട്ടയച്ചിരുന്നു. ഈ സമയത്ത്, ആരോപണ വിധേയരായ പൊലീസുകാർ ബിന്ദുവുമായി ഫോണിൽ ബന്ധപ്പെട്ടതായാണു പറയുന്നത്. രണ്ടു വർഷത്തിനു ശേഷമാണ് സംഘം മലാപ്പറമ്പിൽ താവളമാക്കിയത്. പ്രതികൾക്ക് അനാശാസ്യ കേന്ദ്രം നടത്താൻ പുറമേ നിന്നു സഹായം ലഭിച്ചതായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ സൂചന ലഭിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസുകാരുടെ പങ്ക് അന്വേഷിക്കുന്നത്. പ്രതിയുടെ ഫോണിലെ വിശദാംശങ്ങളും സിം വിവരങ്ങളും ലഭ്യമായാലേ കൂടുതൽ നടപടിയിലേക്കു കടക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്. കെട്ടിടം വാടകയ്ക്ക് ലഭ്യമായ സാഹചര്യവും കേന്ദ്രം പ്രവർത്തിക്കാത്ത കാലയളവിൽ വാടക നൽകിയതും അന്വേഷിക്കുമെന്നു പൊലീസ് സൂചന നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img