
മലാപ്പറമ്പ് പെൺവാണിഭത്തിൽ രണ്ട് പൊലീസുകാർക്കെതിരെയും അന്വേഷണം. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരിയുമായി കോഴിക്കോട് ചില പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ ഫോണിൽ ബന്ധപ്പെട്ടതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ആരോപണ വിധേയരായ പൊലീസുകാരെ നിലവിൽ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നു മാറ്റിയെന്നും റിപ്പോർട്ടുണ്ട്.
വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നീ പ്രതികളെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ ഫോണിൽ നിന്നും രണ്ട് പൊലീസുകാരുടെ വിവരങ്ങൾ ലഭിച്ചത്. 2022ൽ ബിന്ദുവിനെതിരെയുള്ള പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് ബിന്ദുവിന് നോട്ടിസ് നൽകി വിട്ടയച്ചിരുന്നു. ഈ സമയത്ത്, ആരോപണ വിധേയരായ പൊലീസുകാർ ബിന്ദുവുമായി ഫോണിൽ ബന്ധപ്പെട്ടതായാണു പറയുന്നത്. രണ്ടു വർഷത്തിനു ശേഷമാണ് സംഘം മലാപ്പറമ്പിൽ താവളമാക്കിയത്. പ്രതികൾക്ക് അനാശാസ്യ കേന്ദ്രം നടത്താൻ പുറമേ നിന്നു സഹായം ലഭിച്ചതായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ സൂചന ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസുകാരുടെ പങ്ക് അന്വേഷിക്കുന്നത്. പ്രതിയുടെ ഫോണിലെ വിശദാംശങ്ങളും സിം വിവരങ്ങളും ലഭ്യമായാലേ കൂടുതൽ നടപടിയിലേക്കു കടക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്. കെട്ടിടം വാടകയ്ക്ക് ലഭ്യമായ സാഹചര്യവും കേന്ദ്രം പ്രവർത്തിക്കാത്ത കാലയളവിൽ വാടക നൽകിയതും അന്വേഷിക്കുമെന്നു പൊലീസ് സൂചന നൽകി.











