04:25pm 23 November 2026
NEWS
മലാപ്പറമ്പ് പെൺവാണിഭകേന്ദ്രം പൊലീസുകാരുടേത് !
14/06/2025  10:34 AM IST
nila
 മലാപ്പറമ്പ് പെൺവാണിഭകേന്ദ്രം പൊലീസുകാരുടേത് !

മലാപ്പറമ്പ് പെൺവാണിഭകേന്ദ്രം പൊലീസുകാരുടേത് തന്നെയെന്ന് കണ്ടെത്തൽ. പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിൻറെ യഥാർഥ നടത്തിപ്പുകാരെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരെ നേരത്തേതന്നെ കേസിൽ പ്രതിചേർത്തിരുന്നു. ഒളിവിൽ പോയ ഇവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

കേസിൽ മുഖ്യപ്രതിയായി അറസ്റ്റിലായ ബിന്ദു പെൺവാണിഭകേന്ദ്രത്തിന്റെ മാനേജരും കാഷ്യറും മാത്രമാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്ലാറ്റിൽ എത്തിയിരുന്നതിനും അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ദിവസം ഒരു ലക്ഷം രൂപയായിരുന്നു റാക്കറ്റിൻറെ വരുമാനം. ഇതിൽ നല്ലൊരു പങ്കും പൊലീസുകാർക്കാണ് എത്തിയിരുന്നത്. അനാശാസ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപനങ്ങളോ നിക്ഷേപങ്ങളോ തുടങ്ങിയിട്ടുണ്ടോ എന്ന വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 

ബിന്ദു ഉൾപ്പടെ കേന്ദ്രത്തിലെ മൂന്നുപേരെയും ഇടപാടിനെത്തിയ രണ്ടു പേരെയും മറ്റു നാലു സ്ത്രീകളെയും ഒരുമിച്ചു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നടത്തിപ്പിൻറെ രീതികളും പൊലീസുകാരുടെ ബന്ധവും യുവതികൾ വെളിപ്പെടുത്തി. 2020 ലാണ് ബിന്ദുവുമായി പൊലീസുകാരൻ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയപ്പോഴാണ് ഇവരെ പരിചയപ്പെട്ടത്. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. മെഡിക്കൽ കോളജിൽ നിന്ന് ഈ പൊലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തി. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റുകയും ചെയ്തതായും കണ്ടെത്തി.

 അതേസമയം,  ഷൈജിത്തിനെയും സനിത്തിനെയും പൊലീസ് പിടികൂടാൻ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കേസിൽ പ്രതി ചേർത്ത് ദിവസങ്ങളായിട്ടും ഇവരെ കണ്ടെത്താൻ കഴിയാത്തതിന് പിന്നിൽ പൊലീസിലെ ചിലരുടെ ഒത്തുകളിയെന്നാണ് ആരോപണം. എന്നാൽ, ഷൈജിത്തും സനിത്തും മുൻകൂർ ജാമ്യം തേടാനുള്ള നീക്കത്തിലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img