12:42am 10 July 2026
NEWS
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണതിനെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ സർവീസിൽ വ്യാപക നിയന്ത്രണം
09/07/2026  01:29 PM IST
nila
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണതിനെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ സർവീസിൽ വ്യാപക നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവത്തെ തുടർന്ന് മലബാർ മേഖലയിലെ ട്രെയിൻ ഗതാഗതത്തിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്റ്റേഷനിലെ ഒന്നാം, രണ്ടാം, മൂന്നാം ട്രാക്കുകളിലൂടെയുള്ള സർവീസുകൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിർത്തിവെച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.

കെട്ടിടത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയാക്കി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ഈ ട്രാക്കുകൾ വഴി ട്രെയിനുകൾ ഓടിക്കില്ല. നിലവിൽ നാലാം ട്രാക്ക് വഴിയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഇതിനിടെ, കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോട് സ്റ്റേഷനിൽ നിന്ന് അല്ല, കല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് ട്രെയിൻ സമയവും പുറപ്പെടുന്ന സ്റ്റേഷനും സ്ഥിരീകരിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചു.

സർവീസുകളിൽ മാറ്റം

ട്രെയിൻ നമ്പർ- 12076 തിരുവനന്തപുരം സെൻട്രൽ - കോഴിക്കോട് ജൻശതാബ്ദി: 2026 ജൂലൈ 09-ന് (ഇന്ന്) തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കല്ലായിയിൽ സർവീസ് അവസാനിപ്പിക്കും. കല്ലായിക്കും കോഴിക്കോടിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ നമ്പർ 16511 കെ.എസ്.ആർ ബംഗളൂരു - കോഴിക്കോട് എക്സ്പ്രസ്: 2026 ജൂലൈ 08-ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ വെസ്റ്റ് ഹില്ലിൽ സർവീസ് അവസാനിപ്പിക്കും. വെസ്റ്റ് ഹില്ലിനും കോഴിക്കോടിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

പുറപ്പെടുന്ന സ്റ്റേഷനുകളിൽ വരുത്തിയ മാറ്റം

ട്രെയിൻ നമ്പർ 16512 കോഴിക്കോട് - കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ്: 2026 ജൂലൈ 09-ന് (ഇന്ന്) കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കോഴിക്കോടിന് പകരം വെസ്റ്റ് ഹില്ലിൽ നിന്ന് ഉച്ചയ്ക്ക് 15.40-ന് (03.40 PM) യാത്ര ആരംഭിക്കും. കോഴിക്കോടിനും വെസ്റ്റ് ഹില്ലിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ നമ്പർ 12075 കോഴിക്കോട് - തിരുവനന്തപുരം ജൻശതാബ്ദി: 2026 ജൂലൈ 09-ന് (ഇന്ന്) കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കോഴിക്കോടിന് പകരം കല്ലായിൽ നിന്ന് ഉച്ചയ്ക്ക് 13.50-ന് (01.50 PM) യാത്ര ആരംഭിക്കും. കോഴിക്കോടിനും കല്ലായിക്കും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img