
കോഴിക്കോട്: രാജ്യം വിടാൻ മൂന്ന് പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ നോട്ടീസ് കോഴിക്കോട് റൂറൽ പൊലീസ് പിൻവലിച്ചത് ദീർഘകാല വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടി. നയതന്ത്ര, ഔദ്യോഗിക, ദീർഘകാല വിസകളുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും ഏപ്രിൽ 29 നകം ഇന്ത്യ വിടണമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോടുള്ള മൂന്ന് പാക് പൗരന്മാർക്ക് ഉൾപ്പെടെ നോട്ടീസ് നൽകിയത്. എന്നാൽ, പിന്നീട് പൊലീസ് ഈ നോട്ടീസ് പിൻവലിക്കുകയായിരുന്നു.
പുത്തൻപുരവളപ്പിൽ ഹംസ (79), ഖമറുന്നീസ, സഹോദരി അസ്മ എന്നീ മൂന്ന് പാകിസ്ഥാൻ പൗരന്മാർക്കാണ് രാജ്യം വിടാൻ നിർദ്ദേശിച്ച് പൊലീസ് കഴിഞ്ഞയാഴ്ച നോട്ടീസ് നൽകിയത്. വളരെക്കാലമായി കോഴിക്കോട്ട് താമസിക്കുന്നവരാണ് മൂന്നുപേരും.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യ നിർദ്ദേശിച്ചത്. സാർക്ക് വിസയുള്ള പാകിസ്ഥാൻ പൗരന്മാർ ഏപ്രിൽ 26 നകം ഇന്ത്യ വിടണമെന്നും മെഡിക്കൽ വിസയുള്ളവർ ഏപ്രിൽ 29 നകം ഇന്ത്യ വിടണമെന്നുമായിരുന്നു ഏപ്രിൽ 24 ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഹ്രസ്വകാല വിസകളുടെ 12 വിഭാഗങ്ങളിൽ ഏതെങ്കിലും കൈവശമുള്ള പാകിസ്ഥാനികൾക്കുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചു.
ഹ്രസ്വകാല വിസയുള്ള അഞ്ച് പേർ ഇതിനകം കേരളം വിട്ടിട്ടുണ്ട്. വിസ ഓൺ അറൈവൽ, ബിസിനസ്സ്, സിനിമ, പത്രപ്രവർത്തകർ, ട്രാൻസിറ്റ്, കോൺഫറൻസ്, പർവതാരോഹണം, വിദ്യാർത്ഥി, സന്ദർശകൻ, ഗ്രൂപ്പ് ടൂറിസ്റ്റ്, തീർത്ഥാടകൻ, ഗ്രൂപ്പ് തീർത്ഥാടകൻ എന്നീ 12 വിഭാഗത്തിലുള്ള വിസകളിൽ ഇന്ത്യയിലെത്തിയവരാണ് ഞായറാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടേണ്ടിയിരുന്നത്.











