
കോഴിക്കോട്: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ദമ്പതികളിൽ നിന്ന് ഏകദേശം ഒരു കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. കാസർകോട് കുമ്പള അരീക്കണ്ടി സ്വദേശി അബ്ദുൽ റംഷീദിനെയാണ് വിശദമായ ചോദ്യം ചെയ്യലിനായി കോടതി അനുമതിയോടെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
വിവിധ വാട്സാപ് ഗ്രൂപ്പുകളിലൂടെയാണ് ഇയാൾ ആളുകളെ വലയിലാക്കിയിരുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച് ഓൺലൈൻ ഓഹരി വിപണിയിലും നിക്ഷേപ പ്ലാറ്റ്‌ഫോമുകളിലും പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഓൺലൈൻ സാമ്പത്തിക ഇടപാടുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതിയുടെ പങ്ക് പൊലീസ് തിരിച്ചറിഞ്ഞത്. വിദേശത്തായിരുന്ന ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ജൂൺ 14-ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോൾ ഇമിഗ്രേഷൻ അധികൃതർ ഇയാളെ തടഞ്ഞുവച്ചു.
ഇതിനിടെ നടത്തിയ പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മിശ്രിതരൂപത്തിലുള്ള നാല് സ്വർണഗുളികകൾ കണ്ടെത്തി. ഏകദേശം 1.87 കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെ സ്വർണക്കടത്ത് കേസിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ വീണ്ടും കോടതി വഴി കസ്റ്റഡിയിൽ വാങ്ങിയ പൊലീസ്, തട്ടിപ്പിലൂടെ സമാഹരിച്ച പണം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറിയ രീതിയും മറ്റ് പ്രതികളുടെ പങ്കും വിശദമായി പരിശോധിച്ചുവരികയാണ്. പണമിടപാടുകളുടെ ശൃംഖല, ഡിജിറ്റൽ ഇടപാടുകൾ, ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാണ്.
രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന സംഘടിത സൈബർ സാമ്പത്തിക തട്ടിപ്പ് ശൃംഖലയുമായി പ്രതിക്കുള്ള ബന്ധം, ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം സ്വർണക്കടത്ത്, ഡിജിറ്റൽ കറൻസി ട്രേഡിങ് ഉൾപ്പെടെയുള്ള അനധികൃത പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിച്ചുവരുന്നു. മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളുമായുള്ള ബന്ധവും അന്വേഷണ പരിധിയിലുണ്ട്.
പ്രതിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെയും സാമ്പത്തിക ഇടപാടുകളെയും കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി, ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പദം സിങ്, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എം.വി. ശ്രീദാസനാണ് കേസ് അന്വേഷിക്കുന്നത്.










