05:08pm 27 July 2026
NEWS

കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറിയിൽ വിവാദം കനക്കുന്നു

03/05/2025  08:08 AM IST
nila
 കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറിയിൽ വിവാദം കനക്കുന്നു

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ പൊട്ടിത്തെറിയിൽ വിവാ​​ദം കനക്കുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിലുണ്ടായ അഞ്ച് മരണങ്ങൾ സംബന്ധിച്ചാണ് നിലവിൽ വിവാദം ശക്തമാകുന്നത്. നാലുപേർ മരിച്ചത് പൊട്ടിത്തെറിയെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് എന്നാണ് ആരോപണം. എന്നാൽ, രോ​ഗികളുടെ മരണവും പൊട്ടിത്തെറിയും തമ്മിൽ ബന്ധമില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ നിലപാട്. വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ, മേപ്പാടി സ്വദേശി നസീറയും മറ്റൊരാളുമാണ് മരിച്ചത്. 

കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച മൂന്നു രോ​ഗികൾ പൊട്ടിത്തെറിയെ തുടർന്നുണ്ടായ പുക കാരണം ശ്വാസം കിട്ടാതെയെന്നാണ് ടി സിദ്ധിഖ് എംഎൽഎയുടെ ആരോപണം. എന്നാൽ ഈ ഈരോപണം തള്ളി മെ‍ഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇന്നലെ തന്നെ രംഗത്ത് വന്നിരുന്നു. മൂന്നു രോ​ഗികൾ അപകടമുണ്ടാകുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നെന്നും നാലാമത്തെയാളെ മരിച്ചനിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറയുന്നത്. വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന സ്ത്രീയാണ് മരിച്ച മൂന്ന് പേരിൽ ഒരാൾ. രണ്ടാമത്തെയാൾ ക്യാൻസർ രോഗിയും. മൂന്നാമത്തെയാൾക്ക് കരൾ രോഗവും മറ്റ് പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. നാലാമത്തെയാളുടെ മരണം ആശുപത്രിയിൽ എത്തും മുൻപ് തന്നെ സംഭവിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. പിന്നെയൊരു മരണം ന്യൂമോണിയ ബാധിച്ച ഒരാളുടേതാണെന്നും അതും പുക ശ്വസിച്ചാണെന്ന് തോന്നുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. നസീറയുടെയടക്കം രണ്ട് പേരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. അതേസമയം, ആരോപണം സംബന്ധിച്ച് വ്യക്തത വരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം ചേരും.

ഇന്നലെ രാത്രി 7.40നാണ് മെഡിക്കൽ കോളജ് പിഎംഎസ് എസ്‌വൈ ബ്ലോക്ക് കെട്ടിടത്തിലെ അത്യാഹിതവിഭാഗത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറി ഉണ്ടായത്. തുടർന്നു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുക വ്യാപിച്ചു. ഇതോടെ മെഡിക്കൽ കോളജ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്നു രോഗികളെ പുറത്തേക്കു മാറ്റി. അടിയന്തരമായി ആംബുലൻസുകൾ വിളിച്ചുവരുത്തി നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കു മാറ്റുകയായിരുന്നു. വെള്ളിമാടുകുന്നിൽനിന്നും ബീച്ചിൽനിന്നും 3 യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് പുക നിയന്ത്രണവിധേയമാക്കിയത്.

അത്യാഹിതവിഭാഗത്തിൽ ഉണ്ടായിരുന്നവർ അടക്കം 30 രോഗികളെ നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കും ബാക്കിയുള്ളവരെ മെഡിക്കൽ കോളജിലെ തന്നെ മറ്റു വാർഡുകളിലേക്കും മാറ്റി. അത്യാഹിതവിഭാഗം പൊലീസ് പൂർണമായും അടച്ചു. മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗം ബീച്ച് ആശുപത്രിയിലേക്കു താൽക്കാലികമായി മാറ്റി. പൊട്ടിത്തെറിക്കു മുൻപു രണ്ടു തവണ വൈദ്യുതി നിലച്ചതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. ആശുപത്രിയുടെ മൂന്നാംനില വരെ പുക എത്തിയിരുന്നു. ഈ സമയം വെന്റിലേറ്ററിൽ ഉൾപ്പെടെ ഗുരുതരാവസ്ഥയിൽ 16 രോഗികളും 60 മറ്റു രോഗികളും അത്യാഹിതവിഭാഗത്തിൽ ഉണ്ടായിരുന്നു. അവരെ ഐസിയു സൗകര്യമുള്ള ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മെഡിക്കൽ കോളജ് കെട്ടിടത്തിലെ മറ്റൊരു ഐസിയുവിനോടു ചേർന്ന് വെന്റിലേറ്റർ സൗകര്യമുള്ള 15 കട്ടിലുകൾ ഒരുക്കി അവിടേക്കും രോഗികളെ മാറ്റി. സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളിലും ഒഴിവുള്ള സ്ഥലങ്ങളിലുമെല്ലാം രോഗികളെ കിടത്താൻ സൗകര്യം ഒരുക്കിയിരുന്നു. അടിയന്തര ശസ്ത്രക്രിയകൾക്കു പഴയ ഓപ്പറേഷൻ‌ തിയറ്ററിലും സൗകര്യം ഒരുക്കി.

അത്യാഹിത വിഭാഗത്തിലെ നാലാം നിലയിലെ നാലു രോഗികളെ ആശുപത്രിയിൽനിന്ന് മാറ്റേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചു. ഇവർ നാലുപേരും വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ്. നാലാം നിലയിൽ പുക എത്തിയിട്ടില്ലാത്തതിനാൽ ഇവരുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇവർക്കൊപ്പം ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉണ്ടെന്നും അധികൃതർ പറഞ്ഞു.

എം.കെ.രാഘവൻ എംപി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം കൃത്യമായി പറയാൻ സൂപ്രണ്ടിനോ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോ കഴിഞ്ഞിട്ടില്ലെന്ന് എം.കെ.രാഘവൻ പറഞ്ഞു. സംഭവം അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക്  മന്ത്രി വീണാ ജോർജ് നിർദേശം നൽകി. രാത്രിയിൽ അത്യാഹിത സേവനം ആവശ്യമുള്ള രോഗികൾക്ക് ബീച്ച് ഹോസ്പിറ്റലിൽ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img