
കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എം.ഡി.എം.എ കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഇടപാടുകളിലെ പണമിടപാടുകൾ നിയന്ത്രിച്ചിരുന്ന മുഖ്യപ്രതിയായ ബാലുശ്ശേരി സ്വദേശിനി കാവ്യയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതോടെയാണ് കേരളം ഞെട്ടുന്ന വിവരങ്ങൾ പുറത്തുവരുന്നത്. വൻ ലഹരിസംഘത്തിലെ പണമിടപാടുകൾ ഉൾപ്പെടെ നിയന്ത്രിച്ചിരുന്നത് അധ്യാപികമാരായ യുവതികളായിരുന്നു.
ഏതാനും ദിവസം മുൻപ് അറസ്റ്റിലായ പേരാമ്പ്ര സ്വദേശിനി കീർത്തനയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു കാവ്യയിലേക്കുള്ള അന്വേഷണം എത്തിയത്. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററാണ് കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശിനി കാവ്യ. മരുതോങ്കര സ്വദേശി കെ.സി. കീർത്തന താത്കാലിക കായിക അധ്യാപികയാണ്.
കാവ്യയും കീർത്തനയും ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നും, ഇരുവരും ചേർന്ന് ഏറെ ആസൂത്രിതമായ രീതിയിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. എം.ഡി.എം.എ ആവശ്യപ്പെട്ടവരിൽ നിന്ന് പണം കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് സ്വീകരിച്ചിരുന്നത്. പണം ലഭിച്ചതായി ഉറപ്പായാൽ വാങ്ങുന്നവർക്ക് ലൊക്കേഷൻ കൈമാറുകയും, അവിടെ മറ്റൊരാൾ എത്തി ലഹരിമരുന്ന് കൈമാറുകയും ചെയ്തിരുന്ന രീതിയിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ആവിക്കൽ സ്വദേശിയായ സഫുവാനെ രണ്ട് ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയതോടെയാണ് കേസിന്റെ ചുരുളഴിയാൻ തുടങ്ങിയത്. സഫുവാന്റെ മൊബൈൽ ഫോൺ വിവരങ്ങളും ബാങ്ക് ഇടപാടുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചതാണ് ആദ്യം കീർത്തനയിലേക്കും പിന്നീട് കാവ്യയിലേക്കും അന്വേഷണത്തെ എത്തിച്ചത്.
അറസ്റ്റിലായ കാവ്യയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെയും ലഹരി വിതരണ ശൃംഖലയിലെ മറ്റ് കണ്ണികളെയും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. എസ്.ഐ ഷമീർ, എ.എസ്.ഐമാരായ സിജേഷ്, ഷീന, ഷീബ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.











