
കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം. ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇയാളെ പിടികൂടിയത്.
കേസിൽ അറസ്റ്റിലായ അധ്യാപികമാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജിജിലിലേക്ക് അന്വേഷണം എത്തിയത്. ഇയാളെ ആദ്യം വടകര എസ്പി ഓഫീസിലെത്തിച്ച ശേഷം മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നതിനായി സൈബർ സെല്ലിലേക്ക് മാറ്റി.
ജിജിലിന്റെ ഫോണിൽ നിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട കോളുകൾ, സന്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ എന്നിവ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സൈബർ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി ഏകദേശം ഒരു കോടി രൂപയുടെ ഇടപാടുകൾ നടന്നതായാണ് വിവരം. ലഹരി ശൃംഖലയിലെ സാമ്പത്തിക ബന്ധങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
കേസിൽ ഇതുവരെ പേരാമ്പ്ര ബിആർസിയിലെ മൂന്ന് അധ്യാപികമാരാണ് അറസ്റ്റിലായത്. വടകര ആവിക്കൽ സ്വദേശി സഫ്വാനെ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിന്റെ തുടക്കം. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അധ്യാപികയായ കീർത്തനയിലേക്ക് അന്വേഷണം എത്തിയത്.
ജൂലൈ 12ന് മരുതോങ്കര സ്വദേശിനിയായ കീർത്തനയെ പോലീസ്-ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ആവശ്യക്കാരിൽ നിന്നുള്ള പണം കീർത്തനയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
കാവ്യയുടെ അറസ്റ്റിന് പിന്നാലെ ബിആർസിയിലെ മറ്റൊരു അധ്യാപികയായ ആവള സ്വദേശി നീഷ്മയെയും പോലീസ് പിടികൂടി. ഇവരുടെ അക്കൗണ്ടുകൾ വഴിയും ലഹരി സംഘവുമായി സാമ്പത്തിക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴിയാണ് അധ്യാപികമാർ ലഹരി സംഘവുമായി ബന്ധം സ്ഥാപിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള ശ്രമമാണ് ഇവരെ ലഹരി ഇടപാടുകളുടെ ഭാഗമാക്കിയതെന്നാണ് പ്രാഥമിക മൊഴികളിൽ നിന്ന് വ്യക്തമാകുന്നത്. മൂന്നു പേരും ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം തുടരുകയാണ്.
കേസിന്റെ ഓരോ ഘട്ടത്തിലും പുതിയ വിവരങ്ങൾ പുറത്തുവരുന്നതിനാൽ ലഹരി ശൃംഖലയുടെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.











