11:12pm 13 August 2026
NEWS
ദിവസങ്ങളോളം ബന്ദിയാക്കി നഗ്നഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തി; യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
13/08/2026  09:26 PM IST
nila
 ദിവസങ്ങളോളം ബന്ദിയാക്കി നഗ്നഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തി; യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ബന്ദിയാക്കി നഗ്നഫോട്ടോ പകർത്തുകയും എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ രണ്ടുപേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയൻ (26), കോഴിക്കോട് പറമ്പിൽ ബസാർ കൊണോട്ട് കുറ്റിയിൽ ഹൗസിൽ കെ. അതുൽ (30) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ യുവതി ഉൾപ്പെടെയുള്ള മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവിലെ ഫ്ലാറ്റിൽ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന മലാപ്പറമ്പ് സ്വദേശിയായ യുവാവിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 24ന് ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയ സംഘം ഒരു യുവതിയുടെ പേര് പറഞ്ഞ് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് കോഴിക്കോട് പയിമ്പ്ര ചാലിത്താഴത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് തടവിൽ വച്ചെന്നാണ് പരാതി.

ഫോണിൽ നഗ്നചിത്രം പകർത്തി; അമ്മയ്ക്ക് അയച്ചു

രഹസ്യകേന്ദ്രത്തിൽ വച്ച് യുവാവിനെ ക്രൂരമായി മർദിക്കുകയും ബലംപ്രയോഗിച്ച് ഫോണിൽ നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തതായി പരാതിയിലുണ്ട്. ചിത്രങ്ങൾ യുവാവിന്റെ അമ്മയ്ക്ക് അയച്ച ശേഷമാണ് എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. കാറിന്റെ ഡിക്കിയിൽ കയറ്റിയാണ് ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്നതെന്നും ഹോക്കി സ്റ്റിക്ക് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് മർദിക്കുകയും കത്തി ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തതായും യുവാവ് പൊലീസിന് മൊഴി നൽകി.

ഈ മാസം നാലിന് രഹസ്യകേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട യുവാവ് പൊലീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ദുബായിൽ ജോലി ചെയ്തിരുന്ന യുവാവ് നാട്ടിലെത്തി തിരികെ പോകാനിരിക്കെയാണ് സംഭവമുണ്ടായത്.

ഗൂഢാലോചനയിൽ യുവതിക്കും പങ്കെന്ന് മൊഴി

കേസിലെ ഒന്നാം പ്രതിയായ 21കാരിയുമായി യുവാവിന് സൗഹൃദമുണ്ടായിരുന്നു. യുവതിയുടെ നിലവിലെ പങ്കാളി ഇക്കാര്യം അറിഞ്ഞതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു ആദ്യം യുവാവ് കരുതിയത്. എന്നാൽ യുവതിയുടെ കൂടി ഗൂഢാലോചനയിലാണ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നാണ് പിന്നീട് വ്യക്തമായതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

അതേസമയം, യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേസിൽ പ്രതി ചേർക്കപ്പെട്ട യുവതിയും രംഗത്തെത്തിയിരുന്നു. തന്റെ സൗഹൃദം മുതലെടുത്ത് യുവാവ് നഗ്നദൃശ്യങ്ങൾ പകർത്തി പണത്തിനായി വിറ്റുവെന്നും എംഡിഎംഎ ഉപയോഗിച്ചിരുന്ന യുവാവ് തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. എന്നാൽ ലഹരിമരുന്ന് ഉപയോഗിച്ചെന്ന ആരോപണം രക്തപരിശോധനയിലൂടെ തെറ്റാണെന്ന് തെളിയിക്കാൻ തയാറാണെന്നാണ് യുവാവിന്റെ പ്രതികരണം.

യുവാവിനെതിരെ നേരത്തെയും പോക്സോ കേസിൽ പരാതി ലഭിച്ചിരുന്നെങ്കിലും തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സൈബർ പൊലീസിന്റെ സഹായത്തോടെ തുടരുന്ന അന്വേഷണത്തിൽ കേസിലെ മറ്റ് പ്രതികളെക്കുറിച്ചും പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ പി. പ്രമോദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img