06:33am 03 November 2026
NEWS
ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമായി ഹോം സ്റ്റേയിൽ താമസം; വാതിൽ തുറക്കാതിരുന്നത് വിനയായി; യുവാവും കാമുകിയും അറസ്റ്റിൽ
01/11/2026  09:28 PM IST
nila
ലഹരി  ഉപയോഗത്തിനും വിൽപനയ്ക്കുമായി ഹോം സ്റ്റേയിൽ താമസം; വാതിൽ തുറക്കാതിരുന്നത് വിനയായി; യുവാവും കാമുകിയും അറസ്റ്റിൽ

കോഴിക്കോട്: ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമായി വീട് വാടകയ്ക്കെടുത്ത് താമസിച്ച യുവാവും കാമുകിയും പൊലീസിന്റെ പിടിയിലായി. കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കക്കുഴിപ്പാലത്തെ ഹോം സ്റ്റേയിൽ നിന്നാണ് നൻമണ്ട സ്വദേശി തനോത്ത് വീട്ടിൽ കെ.എസ്. അനന്ദു (26), പുതിയാപ്പ സ്വദേശി പണ്ടാരക്കണ്ടി താഴത്ത് വീട്ടിൽ ടി. കീർത്തന (21) എന്നിവർ അറസ്റ്റിലായത്. ഇവരിൽനിന്ന് എം.ഡി.എം.എയും ലഹരി തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും പണവും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

ആശുപത്രിയിൽ ചികിത്സയ്ക്കെന്ന പേരിൽ മുറിയെടുത്തു

കക്കുഴിപ്പാലത്ത് ഷിജി എന്നയാൾ വീടിന്റെ താഴത്തെ നില ഹോം സ്റ്റേയായി വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. മുകൾനിലയിൽ ഇദ്ദേഹവും കുടുംബവുമാണ് താമസിക്കുന്നത്. ഇന്നലെ ഉച്ചയോടെ എത്തിയ യുവാവും യുവതിയും സമീപത്തെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതാണെന്ന് അറിയിച്ചാണ് മുറി ആവശ്യപ്പെട്ടത്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ചശേഷം 4,500 രൂപ അഡ്വാൻസ് വാങ്ങി വീട്ടുടമ മുറികൾ അനുവദിച്ചു.

എന്നാൽ വൈകുന്നേരത്തോടെ മുറിയിലെ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കാനായി വീട്ടുടമ പലതവണ വാതിലിൽ മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. തുടർച്ചയായി ശ്രമിച്ചിട്ടും വാതിൽ തുറക്കാതിരുന്നതോടെ സംശയം തോന്നിയ വീട്ടുകാർ അടിയന്തര സഹായ നമ്പറായ 112-ൽ വിളിച്ച് പൊലീസിനെ വിവരമറിയിച്ചു.

വാതിൽ തുറക്കാൻ വൈകി; അകത്ത് ലഹരിയുമായി യുവാക്കൾ

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട്ടുടമയിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം മുറിയുടെ വാതിലിൽ മുട്ടി. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിലിലും ജനലിലും ശക്തിയായി മുട്ടി. ഒടുവിൽ വാതിൽ തുറന്ന യുവാവും യുവതിയും മുന്നിൽ പൊലീസിനെ കണ്ടതോടെ പരിഭ്രാന്തരായി. പൊലീസിന്റെ ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ മുറിക്കുള്ളിൽ പരിശോധന നടത്തി.

ഇരുവരുടെയും പാന്റിന്റെ പോക്കറ്റുകളിൽനിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ കണ്ടെടുത്തു. ലഹരിമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, 11,000 രൂപ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും മുറിയിൽനിന്ന് പൊലീസ് പിടിച്ചെടുത്തു.

അനന്ദുവിനെതിരെ നേരത്തെയും എം.ഡി.എം.എ കേസുകൾ

അനന്ദുവിനെതിരെ നേരത്തെയും ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഓഗസ്റ്റ് എട്ടിന് കോഴിക്കോട് എരഞ്ഞിപ്പാലം രാരിച്ചൻ റോഡിലെ എം.കെ. ക്വിക്ക് സ്റ്റേ റൂംസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽനിന്ന് 5.890 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

ഇതിനുപുറമെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ വിൽപനയ്ക്കായി സൂക്ഷിച്ച 16.16 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായതുമായി ബന്ധപ്പെട്ട കേസും അനന്ദുവിനെതിരെയുണ്ട്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോഴാണ് ഇയാൾ പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img