03:06am 16 July 2026
NEWS
3,140 കഞ്ചാവ് മിഠായികൾ; കോഴിക്കോട് ബിഹാർ സ്വദേശി അറസ്റ്റിൽ
15/07/2026  04:03 PM IST
 3,140 കഞ്ചാവ് മിഠായികൾ; കോഴിക്കോട് ബിഹാർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട് കൊളത്തറയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 16.220 കിലോഗ്രാം ഭാരമുള്ള 3,140 കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ അസ്‌ലം അൻസാരി (35) അറസ്റ്റിലായി. മധുബനി ജില്ലയിലെ ഝാഞ്ചാചാർപുർ സ്വദേശിയാണ് ഇയാൾ.

ചൊവ്വാഴ്ച രാത്രി 9.55ഓടെ കൊളത്തറ കണ്ണാട്ടിക്കുളം റോഡിലെ ക്രസന്റ് ബസാർ പരിസരത്തെ ഒരു കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. കെട്ടിടത്തിലെ ഒരു കടമുറിയോട് ചേർന്ന നമ്പർ രേഖപ്പെടുത്താത്ത മുറിയിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കലർത്തിയ മിഠായികൾ.

ഇതരസംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപ്പന നടത്താനാണ് ഇവ എത്തിച്ചതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പായ്ക്ക് ചെയ്ത രൂപത്തിൽ ട്രെയിനുകളിലൂടെയും ചരക്കുലോറികളിലൂടെയും ഇത്തരം ലഹരി മിഠായികൾ സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 

വർണക്കടലാസുകളിൽ പൊതിഞ്ഞ മിഠായികൾ വിദ്യാർഥികളെയും യുവാക്കളെയും ആകർഷിക്കുന്ന രീതിയിലാണെത്തുന്നതെന്നും, സംസ്ഥാനത്തെ ചില സ്കൂളുകൾക്ക് സമീപമുള്ള ചെറിയ കടകളിൽ ഇവ മുൻപും കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കൊളത്തറയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ വിതരണ ശൃംഖലയും ഉറവിടവും കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

കോഴിക്കോട് എക്സൈസ് ഇൻസ്പെക്ടർ എസ്. ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ എൻ.എസ്. സുനീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. ഷാഫി, പ്രിവന്റീവ് ഓഫീസർമാരായ സി.പി. ഷാജു, ദീൻദയാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. അജിത്, വി.എസ്. ആശിൽദ്, കെ.എം. പ്രശാന്ത്, പി.പി. ജിത്തു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img