
കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് ഷിംജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തെ തുടർന്ന് ഷിംജിതയ്ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബസിൽ നടന്നതായി പറയുന്ന സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും പിന്നീട് അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത് ഷിംജിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദീപക്കിന്റെ മരണത്തിനു പിന്നാലെ, മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയുടെ പൂർണ ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി സൈബർ സെല്ലിന്റെ സഹായം തേടുമെന്ന് പൊലീസ് അറിയിച്ചു.
സംഭവസമയത്ത് ബസിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണ് ഉള്ളതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന ‘അൽ അമീൻ’ എന്ന സ്വകാര്യ ബസിലായിരുന്നു യുവതി വീഡിയോ ചിത്രീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്.











