03:05pm 27 September 2026
NEWS
കോഴിക്കോട് കളക്ടറേറ്റിൽ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം
01/09/2025  07:53 AM IST
nila
കോഴിക്കോട് കളക്ടറേറ്റിൽ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം

കോഴിക്കോട് കളക്ടറേറ്റിൽ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം. കെ-സെക്‌ഷനിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ജീവനക്കാരിക്കുനേരേ ലൈം​ഗികാതിക്രമം നടത്തിയത്. ഇയാളെ സംരക്ഷിക്കാൻ ഭരണാനുകൂല സംഘടനാ നേതാക്കളിൽ ചിലർ രംഗത്തെത്തിയെന്നും ആരോപണമുണ്ട്. വ്യാഴാഴ്ച്ചയാണ് കളക്ടറേറ്റിൽ ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചത്. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലെ റവന്യൂ റിക്രിയേഷൻ ക്ലബ്ബിന്റെ പേരിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കളക്ടർകൂടി പങ്കെടുത്ത പരിപാടിക്കിടെയാണ് ജീവനക്കാരിക്ക് നേരേ ലൈം​ഗികാതിക്രമമുണ്ടായത്.

ജീവനക്കാരിയെ കെ-സെക്‌ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ വരാന്തയിൽവെച്ച് അപമാനിക്കുകയായിരുന്നു എന്നാണ് പരാതി. സഹപ്രവർത്തകരുടെ സാന്നിധ്യത്തിലാണ്‌ അതിക്രമം നേരിട്ടത്. പകച്ചുപോയ യുവതി സഹപ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് ഉടൻ എഡിഎമ്മിനെ നേരിൽക്കണ്ട് രേഖാമൂലം പരാതി നൽകി. സംഭവം പൊലീസിൽ അറിയിക്കരുതെന്നും ഓഫീസിൽവെച്ചുതന്നെ ഒത്തുതീർപ്പാക്കണമെന്നും ഭരണാനുകൂല സംഘടനയിലെ ചില നേതാക്കൾ ഓഫീസിലെത്തി എഡിഎമ്മിനോട് ആവശ്യപ്പെട്ടു.

സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തരസമിതിയുടെ പരിഗണനയിലാണ് പരാതിയെന്നും അവർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയശേഷമേ പ്രതികരിക്കാനുള്ളൂവെന്ന നിലപാടിലായിരുന്നു എഡിഎം. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് അന്വേഷണച്ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറോട് എഡിഎം നിർദേശിച്ചു. ഞായറാഴ്ച അവധിയായതിനാൽ തിങ്കളാഴ്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിഎമ്മിന് നൽകുമെന്നാണ് അറിയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img