11:45pm 06 June 2026
NEWS
ഗർഭിണിയായ യുവതി കാറിന് തീപിടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി ബന്ധുക്കൾ
17/05/2026  03:56 PM IST
nila
ഗർഭിണിയായ യുവതി കാറിന് തീപിടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ സഞ്ചരിക്കുകയായിരുന്ന കാർ തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയെന്നാരോപണം. മരിച്ച സോനയുടെ ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. ഇത് സാധാരണ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ അപകടമല്ലെന്നും കാർ മനഃപൂർവം കത്തിച്ചതാകാമെന്നുമാണ് സോനയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. 

കാറിനുള്ളിൽ അപകടത്തിന് കാരണമായേക്കാവുന്ന എന്തെങ്കിലും വസ്തു ഉണ്ടായിരിക്കാമെന്നാണ് കുടുംബത്തിന്റെ സംശയം. യാത്രയ്ക്കിടെ സോനയെ മുൻസീറ്റിൽ ഇരുത്താതെ പിന്നിൽ ഇരുത്തിയതും സംശയം വർധിപ്പിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു. രജിൻലാലിന്റെ നാട്ടുകാരും സമാനമായ ആശങ്കകൾ പങ്കുവച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. 

അപകടസമയത്ത് രജിൻ തോട്ടിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും, കാറിന്റെ പിന്നിലെ ഡോർ തുറക്കാനായില്ലെന്നും കുടുംബം ആരോപിക്കുന്നു. കാറിനുള്ളിൽ മറ്റൊരാൾ ഉണ്ടായിരുന്നുവെന്ന കാര്യം രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് രജിൻ പറഞ്ഞില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും, പോലീസിനും വനിതാ കമ്മീഷനും പരാതി നൽകാനാണ് തീരുമാനം എന്നും കുടുംബം അറിയിച്ചു.

സോനയും രജിൻലാലും തമ്മിൽ പ്രണയവിവാഹമായിരുന്നുവെന്നും കുടുംബം പറയുന്നു. ഗൾഫിലായിരുന്ന രജിൻലാലുമായി സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സോന പിന്നീട് വിവാഹത്തിനൊരുങ്ങുകയായിരുന്നു. എന്നാൽ ഇതിനിടെ രജിൻ മറ്റൊരു യുവതിയുമായി ബന്ധത്തിലായതായും, അവരെ വിവാഹം കഴിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഇതറിഞ്ഞ സോന ഒരിക്കൽ വടകര റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തിയതായും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് പോലീസ് സ്റ്റേഷനിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് രജിൻ സോനയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതെന്നും, ഇരുവീട്ടുകാരുടെയും എതിർപ്പിനിടയിലും 2023ൽ ഇരുവരും വിവാഹിതരായതായും കുടുംബം വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാർ കത്തിയമർന്നത്. കോഴിക്കോട്ടെ ആശുപത്രിയിൽ പോയശേഷം തിരികെ വീട്ടിലേക്കുള്ള വഴിയിൽ ചെറുവണ്ണൂരിൽനിന്ന് കക്കറമുക്ക് റോഡിലേക്ക് കടന്ന ഉടനെ വയൽപ്രദേശത്ത് ഒതയോത്തുതാഴെ ഭാഗത്താണ് കാർ കത്തിയത്. ഇവിടെനിന്ന്‌ രണ്ടുകിലോമീറ്റർ ദൂരമേ വീട്ടിലെത്താൻ ഉണ്ടായിരുന്നുള്ളൂ.

വയൽപ്രദേശത്തെ തോട്ടിനരികെയാണ് സംഭവം ഉണ്ടായതെന്നതിനാൽ ഓടിക്കൂടിയ നാട്ടുകാർക്ക് തീകെടുത്താൻ സഹായമായി. വലിയ സ്ഫോടനശബ്ദം കേട്ട് ഓടിയെത്തുമ്പോൾ കാർ ആളിക്കത്തുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ സമീപ വീട്ടുകാർ നേരത്തേ പറഞ്ഞിരുന്നു.

നാട്ടുകാർ എത്തുമ്പോഴേക്കും രജിൻലാൽ കാറിൽനിന്ന്‌ ചാടി പുറത്തിറങ്ങിയിരുന്നു. കൈയുയർത്തി രക്ഷിക്കണമെന്ന് വിളിക്കുന്നുണ്ടായിരുന്നു. ശരീരത്തിലെ വസ്ത്രങ്ങളിൽ പടർന്ന തീ കത്തിക്കൊണ്ടിരുന്നതിനാൽ സമീപത്തെ തോട്ടിലേക്ക് ചാടി രജിൻലാൽതന്നെ കെടുത്തുകയായിരുന്നു. പിന്നാലെ സമീപത്തെ വീട്ടുകാരെല്ലാം ബക്കറ്റുമായെത്തി തോട്ടിൽനിന്ന്‌ വെള്ളംമുക്കി ഒഴിച്ച് അഗ്നിരക്ഷാസേന എത്തുംമുൻപ്‌ തീക്കെടുത്തി.

കാറിൽ ഒരാൾകൂടിയുണ്ടെന്ന് ആദ്യം രക്ഷാപ്രവർത്തകർക്ക് മനസ്സിലായില്ല. പിൻസീറ്റിൽ കിടക്കുകയായിരുന്നു സോന. ഇവരുടെ മുകളിലേക്ക് കാറിന്റെ മുകൾഭാഗം അടർന്നുവീഴുകയും ചെയ്തിരുന്നു. അതിനാൽ പുറത്തുനിന്നുള്ളവർക്ക് പെട്ടെന്ന് കാണാൻ കഴിയില്ലായിരുന്നു. കാറിന്റെ പിൻവാതിൽ ലോക്കായിരുന്നതിനാൽ ഏറെ നേരം പരിശ്രമിക്കേണ്ടിവന്നു. ചില്ലുപൊട്ടിച്ചാണ് ബെഡ്ഷീറ്റിൽ കിടത്തി പുറത്തെടുത്തത്. അപ്പോഴും സോനയ്ക്ക് ജീവനുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.

ഫൊറൻസിക് സംഘവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് കോഴിക്കോട് ജില്ലാ ഫൊറൻസിക് യൂണിറ്റിൽനിന്നുള്ള സയന്റിഫിക് സംഘം കാർ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചത്. കാറിന്റെ ഉൾവശംമാത്രമാണ് പൂർണമായി കത്തിയമർന്നത്. ബോണറ്റിന്റെ എൻജിൻ ഭാഗം കത്തിയിട്ടില്ലെന്നതും പരിശോധനയിൽ കണ്ടെത്തി. ബോണറ്റിനുള്ളിലേക്ക് തീപടർന്നിട്ടുമില്ല.

അതിനാൽ തീപ്പിടിത്തം എങ്ങനെയുണ്ടായെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് മേപ്പയ്യൂർ പോലീസ് പറഞ്ഞു. കാർ കത്തിത്തുടങ്ങുന്ന സമയത്ത് വലിയ സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നുണ്ട്. ഇതെങ്ങനെയുണ്ടായതാണെന്നതും വ്യക്തമല്ല. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img