
പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയെ തുടർന്ന് കോഴിക്കോട് നഗരം പൂർണമായി സ്തംഭിച്ചു. അഗ്നിബാധക്ക് പിന്നാലെ ജനംകൂട്ടംകൂടിയതോടെ ഗതാഗതം പൂർണമായും സ്തംഭിക്കുകയായിരുന്നു. അഗ്നിബാധയുണ്ടായ പ്രദേശത്തു നിന്നും ജനങ്ങളെ ഒഴിവാക്കി രക്ഷാപ്രവർത്തനം സുഗമമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ബസ്സ്റ്റാഡ് പരിസരത്തേക്കുള്ള ഗതാഗതം പൂർണമായി നിർത്തി. പൊതുജനങ്ങൾ തീപ്പിടിത്തമുണ്ടായ ഭാഗത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് അഗ്നിശമനസേനയും മറ്റു അധികൃതരും ജനപ്രതിനിധികളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആളുകളോട് ഒഴിഞ്ഞ് പോകാൻ പോലീസ് അനൗൺസ്‌മെന്റും നടത്തുന്നുണ്ട്.
അതേസമയം, അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആളുകൾ പിരിഞ്ഞുപോകാൻ കൂട്ടാക്കുന്നില്ല. ആളുകൾ രാത്രിയും പ്രദേശത്ത് വൻതോതിൽ തങ്ങുന്നത് കാരണം അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡിലേയ്ക്ക് വരാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
വൈകീട്ടോടെ ഉണ്ടായ അഗ്നിബാധ മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിവരുന്നത്. തീപ്പിടിത്തം ഉണ്ടായ ഘട്ടത്തിൽ തന്നെ കെട്ടിത്തിൽനിന്നും പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.











