12:43pm 03 August 2026
NEWS
സമയം മാറിയതോടെ നവകേരള ബസിന് നല്ലകാലം തെളിഞ്ഞു

02/01/2025  08:51 AM IST
nila
സമയം മാറിയതോടെ നവകേരള ബസിന് നല്ലകാലം തെളിഞ്ഞു

കോഴിക്കോട്: സമയം മാറിയതോടെ നവകേരള ബസിന് നല്ലകാലം തെളിഞ്ഞു. പുതുവർഷത്തിൽ കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് നവകേരള ബസ് യാത്ര ആരംഭിച്ചത് നിറയെ യാത്രക്കാരുമായാണ്. നവകേരള ബസ് ആറുമാസം മുമ്പ് സർവീസ് അവസാനിപ്പിച്ചത് യാത്രക്കാർ ഇല്ലാത്തതിനെ തുടർന്നായിരുന്നു. എന്നാൽ, ആറുമാസത്തോളം നിർത്തിയിട്ടശേഷം ഇന്നലെ സർവീസ് പുനരാരംഭിച്ചപ്പോൾ ബസിലെ 37 സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. 

സമയം മാറ്റിയതാണ് നവകേരള ബസിന് ഗുണംചെയ്തത്. പുലർച്ചെ 4.30-നായിരുന്നു നേരത്തേ സർവീസ്. നിലവിൽ രാവിലെ 8.25-ന് പുറപ്പെട്ട് വൈകീട്ട് 4.25-ന് ബെംഗളൂരുവിലെത്തുന്ന നിലയിലാണ് സർവീസ്. ബെംഗളൂരുവിൽനിന്ന് തിരികെ രാത്രി 10.25-ന് പുറപ്പെട്ട് രാവിലെ 5.20-ന് കോഴിക്കോട്ടെത്തും. ഗരുഡ പ്രീമിയം സർവീസാണ്. 900 രൂപയാണ് ടിക്കറ്റ് നിരക്ക്. അടുത്തദിവസത്തേക്കുകൂടിയുള്ള ടിക്കറ്റ് ബുക്കിങ് ഫുള്ളായിട്ടുണ്ട്. ഞായറാഴ്ചയും ഓൺലൈൻ ബുക്കിങ് പൂർത്തിയായി. വെള്ളിയാഴ്ചയും ശനിയാഴ്ചയും പകുതിയിലധികം ടിക്കറ്റുകൾ ബുക്കുചെയ്തുകഴിഞ്ഞു.

സമയമാറ്റം ഏറെ സൗകര്യപ്രദമെന്നാണ് യാത്രക്കാർ പറയുന്നത്. നേരത്തേ 4.30-ന് സർവീസ് നടത്തിയപ്പോൾ പുലർച്ചെ രണ്ടുമണിയോടെ വീട്ടിൽനിന്നിറങ്ങേണ്ട അവസ്ഥയായിരുന്നെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img