
ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണ ഉരുപ്പടികൾ കാണാനില്ലെന്ന് പരാതി. കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ 20 പവനോളം സ്വർണമാണ് കാണാതായത്. മലബാർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫീസറായി വന്ന സജീവൻ സ്വർണ ഉരുപ്പടികളുടെ കസ്റ്റോഡിയൻ എന്ന നിലയിൽ നടത്തിയ കണക്കെടുപ്പിൽ 20 പവൻ സ്വർണം കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം നേരത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, വിനോദിന്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിച്ചില്ല.
കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ നാല് എക്സിക്യൂട്ടീവ് ഓഫീസർമാരാണ് ഇവിടെ മാറിമാറി വന്നത്. സജീവനു ശേഷമെത്തിയ ഓഫീസർമാരായ ഹരിദാസനും ദിനേശനും സ്വർണം കാണാനില്ലെന്ന് കണ്ടെത്തുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വർഷങ്ങളായി കാണാനില്ലാത്ത സ്വർണത്തിന്റെ കാര്യം ഇപ്പൊൾ വിവാദമായതോടെ ഈ മാസം എട്ടിന് സ്വർണം തിരിച്ചേൽപ്പിക്കാമെന്ന് വിനോദ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഗുരുതരമായ പ്രശ്നമുണ്ടായിട്ടും പോലീസിൽ പരാതി നൽകാത്തതിനെതിരെയും ആക്ഷേപമുണ്ട്. സ്വർണം തിരിച്ചു ലഭിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.











