
കോഴിക്കോട്: ശുചീകരണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ആറു പേർ അറസ്റ്റിലായി. കാക്കൂർ കൊയാളിമൂക്ക് പാറന്നൂർ സ്വദേശിനി റഹ്മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), കല്ലായി ചക്കുംകടവ് സ്വദേശിനി അയിഷ (43), വെള്ളയിൽ സ്വദേശിനി സൗദ (45), മുക്കം ചേന്നമംഗലൂർ സ്വദേശി സുബിരാജ് (46) എന്നിവരെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ഈ മാസം ഏഴിന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുന്ദമംഗലം സ്വദേശിനിയായ യുവതി പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ശുചീകരണ ജോലി കഴിഞ്ഞ് മിൽമ ബൂത്തിനുസമീപം ബസിനായി കാത്തുനിൽക്കുന്നതിനിടെയാണ് പ്രതികൾ സമീപിച്ചത്. പെരിങ്ങളത്തേക്ക് പോകുകയാണെന്നും കൂടെ വരാമെന്നും പറഞ്ഞ് പരിചയം മുതലെടുത്ത് യുവതിയെ ഓട്ടോയിൽ കയറ്റുകയായിരുന്നു.
ഓട്ടോ യാത്രയ്ക്കിടെ പ്രതികൾ യുവതിയെ ക്രൂരമായി മർദിക്കുകയും, ധരിച്ചിരുന്ന ഒന്നേകാൽ പവൻ സ്വർണമാല, രണ്ടര പവന്റെ പാദസരം, ഒരു പവന്റെ ബ്രെയ്സ്ലറ്റ് എന്നിവ ബലമായി കവർന്നെടുക്കുകയും ചെയ്തു. തുടർന്ന് ചേവായൂരിൽ ഇറക്കിവിട്ട ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിൽ യുവതിയുടെ മുൻവശത്തെ നാല് പല്ലുകൾ നഷ്ടമായി. പരാതിയെ തുടർന്ന് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.










