12:29am 10 September 2026
NEWS
കോഴിക്കോട് അബൂബക്കര്‍ : മാപ്പിളപ്പാട്ടുവഴിയിലെ വേറിട്ട വ്യക്തിത്വം
09/09/2026  08:25 PM IST
nila
കോഴിക്കോട് അബൂബക്കര്‍ : മാപ്പിളപ്പാട്ടുവഴിയിലെ വേറിട്ട വ്യക്തിത്വം

ദോഹ: വേറിട്ട ഈണങ്ങളിലൂടെ മാപ്പിളപ്പാട്ടുശാഖയെ ജനകീയവത്കരിക്കുകയും ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത വേറിട്ട സംഗീതപ്രതിഭയായിരുന്നു ഈയ്യിടെ നിര്യാതനായ സംഗീതസംവിധായകന്‍ കോഴിക്കോട് അബൂബക്കറെന്ന് പ്രമുഖ മാപ്പിളപ്പാട്ടുഗവേഷകന്‍ ഷഫീര്‍ വാടാനപ്പള്ളി പറഞ്ഞു. തനിമ ഖത്തര്‍ ദോഹയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗീതസന്ധ്യയില്‍ അനുസ്മരണപ്രഭാഷണം നിര്‍വഹിച്ചുസംസാരിക്കുകയായിന്നു അദ്ദേഹം. മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണമിട്ട കോഴിക്കോട് അബൂബക്കറിന്റെ മിക്ക ഗാനങ്ങളും പാടിപ്പതിഞ്ഞതും ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയതുമാണ്. എന്നാല്‍, മാപ്പിളപ്പാട്ടുശാഖയ്ക്ക് ഇത്രയധികം സംഭാവനകള്‍ നല്‍കുക മാത്രമല്ല, പ്രശസ്തരായ പല ഗായകരെയും സംഗീതവഴിയിലേക്ക് കൈപിടിച്ച് നടത്തുകയും പ്രമുഖ സംഗീതസംവിധായകര്‍ക്കും പാട്ടുകാര്‍ക്കുമൊപ്പം തബലവാദനം നടത്തുകയും ചെയ്ത അദ്ദേഹം സമൂഹത്തില്‍ അര്‍ഹിക്കുന്ന ആദരവും അംഗീകാരവും നേടാതെയാണ് വിടവാങ്ങിയത് എന്നത് യാഥാര്‍ഥ്യമാണ്. കെ.എസ് ചിത്ര, യേശുദാസ് തുടങ്ങി പ്രമുഖ ഗായകര്‍ പാടി അനശ്വരമാക്കുകയും ആസ്വാദകരുടെ ചുണ്ടുകളില്‍ ഇന്നും തത്തിക്കളിക്കുകയും ചെയ്യുന്ന ഈണങ്ങള്‍ക്ക് പിന്നില്‍ അവുക്കാക്ക എന്ന് സൂഹൃത്തുക്കളും സംഗീതപ്രേമികളും സ്‌നേഹപൂര്‍വം വിളിക്കുന്ന കോഴിക്കോട് അബൂബക്കര്‍ എന്ന സംഗീതപ്രതിഭയാണെന്ന കാര്യം അദ്ദേഹത്തിന്റെ മരണശേഷമാണ് പലരും അറിയുന്നത്. അദ്ദേഹം പറഞ്ഞു.
പി.എ.എം ശരീഫ്, ഫൈസല്‍, അബ്ദുല്‍ ലത്തീഫ്, റഫീഖ്, നിസാര്‍ പാറമ്മല്‍, നിസാര്‍ പുറായില്‍, ഡോ. സല്‍മാന്‍, നിസാർ കെ തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു. തനിമ ഖത്തര്‍ ഡയറക്ടര്‍ ജസീം സി.കെ അധ്യക്ഷത വഹിച്ചു.
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img