
കോഴഞ്ചേരി: മാരാമണ്ണിലെ റിസോർട്ടിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ ജിത്തു നടത്തിയ ആക്രമണം കരുതിക്കൂട്ടിയുള്ളതായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ എസ്. ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോഴഞ്ചേരി കീഴുകര സ്വദേശി ജിത്തു (27)വിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ജിത്തുവും ദിൻഷയും തമ്മിൽ മാസങ്ങളായി പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജിത്തു ജോലി ചെയ്തിരുന്ന ഹോട്ടലിനു സമീപം ദിൻഷ ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയതോടെയാണ് ഇരുവരും പരിചയത്തിലായത്. ദിൻഷ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിലെ സിം കാർഡ് ജിത്തു വാങ്ങിനൽകിയതാണെന്നും അന്വേഷണ സംഘം പറയുന്നു.
ഏവിയേഷൻ കോഴ്സ് പൂർത്തിയാക്കിയ ശേഷം പരിശീലനത്തിന്റെ ഭാഗമായി ഈ മാസം 11നാണ് ദിൻഷ മാരാമൺ റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് റിസോർട്ടിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലായിരുന്നു താമസം.
റിസപ്ഷനിൽ നിന്ന് പുറത്തേക്ക് വിളിച്ചുവരുത്തി
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജിത്തു റിസോർട്ടിലെത്തിയത്. ദിൻഷ റിസപ്ഷനിൽ ഡ്യൂട്ടിയിലായിരുന്നു. ജിത്തു വിളിച്ചതിനെ തുടർന്ന് ദിൻഷ പുറത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് റിസോർട്ടിന്റെ പാർക്കിങ് സ്ഥലത്തെ ആൽത്തറയ്ക്കു സമീപം ഇരുവരും ഏകദേശം 20 മിനിറ്റോളം സംസാരിച്ചെന്നാണ് ജീവനക്കാർ പറയുന്നത്.
സംസാരത്തിനിടെ ജിത്തു ദിൻഷയോട് ദേഷ്യപ്പെട്ട് സംസാരിച്ചതായും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ദിൻഷ ഫോണിൽനിന്ന് മറ്റാർക്കോ അയച്ച സന്ദേശങ്ങളെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ജിത്തു പൊലീസിനോട് പറഞ്ഞത്. ദിൻഷയുമായി പ്രണയത്തിലായിരുന്നുവെന്നും ജിത്തു പറഞ്ഞതായി പൊലീസ് അറിയിച്ചു.
പോക്കറ്റിൽ കരുതിയ കത്തിയെടുത്ത് ആക്രമണം
സംസാരത്തിനിടെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ചെറിയ കത്തി പുറത്തെടുത്താണ് ജിത്തു ദിൻഷയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴുത്തിലേറ്റ ആദ്യ കുത്തിൽ ദിൻഷ നിലത്തുവീണു. തുടർന്ന് നിലത്ത് വീണുകിടന്ന ദിൻഷയുടെ കഴുത്തിൽ അഞ്ച് തവണ കൂടി കുത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
റിസപ്ഷനു സമീപമുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. മറ്റുള്ള ജീവനക്കാരും പിന്നാലെ എത്തി. ദിൻഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും ജിത്തു ആൽത്തറയ്ക്കു സമീപം തന്നെ ഇരിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ ചേർന്ന് ഇയാളെ പിടികൂടി കെട്ടിയിട്ടു.
ആക്രമണം സിസിടിവിയിൽ
ജിത്തുവും ദിൻഷയും തമ്മിൽ സംസാരിക്കുന്നതും ആക്രമണം നടക്കുന്നതുമെല്ലാം റിസോർട്ടിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷവും ജിത്തു കുറ്റബോധം പ്രകടിപ്പിച്ചില്ലെന്നും മുഖത്ത് കടുത്ത ദേഷ്യമായിരുന്നുവെന്നും ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴും ഇയാൾ പ്രകോപിതനായിരുന്നുവെന്നാണ് വിവരം.
കോയിപ്രം പൊലീസ് സ്റ്റേഷനിലെത്തിച്ച ജിത്തുവിനെ പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി. തിരുവല്ല ഡിവൈഎസ്പി പി.ആർ. സന്തോഷ്, മല്ലപ്പള്ളി സിഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിനകം മരണം
കൊല്ലം കുളത്തൂപ്പുഴ സാംനഗർ കാഞ്ഞിരോടുകുന്ന് ദിൻഷ മൻസിലിൽ ഷാജി-ഷീജ ദമ്പതികളുടെ മകളാണ് ദിൻഷ. ആറു കുത്തുകളേറ്റ യുവതിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏകദേശം അരമണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ കൊലപാതകത്തിന്റെ സാഹചര്യം, ആക്രമണത്തിന് പിന്നിലെ യഥാർഥ കാരണം, ജിത്തു കത്തി മുൻകൂട്ടി കരുതിയെത്തിയതാണോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.










