03:59pm 23 November 2026
NEWS
സമസ്തയ്ക്ക് പുതിയ ജനറൽ സെക്രട്ടറി; പി.പി. ഉമർ മുസല്യാർ കൊയ്യോടിനെ തിരഞ്ഞെടുത്തു; നേതൃത്വത്തിൽ നിർണായക മാറ്റം
23/09/2026  04:28 PM IST
nila
സമസ്തയ്ക്ക് പുതിയ ജനറൽ സെക്രട്ടറി; പി.പി. ഉമർ മുസല്യാർ കൊയ്യോടിനെ തിരഞ്ഞെടുത്തു; നേതൃത്വത്തിൽ നിർണായക മാറ്റം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി പി.പി. ഉമർ മുസല്യാർ കൊയ്യോടിനെ തിരഞ്ഞെടുത്തു. ബുധനാഴ്ച ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് നിർണായക തീരുമാനം. സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

കണ്ണൂർ സ്വദേശിയും മുശാവറ അംഗവുമായ പി.പി. ഉമർ മുസല്യാർ നിലവിൽ സമസ്തയുടെ ട്രഷററായിരുന്നു. സംഘടനയിലെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം സമവായപരമായ നിലപാടുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവുമാണ്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസല്യാരുടെ പേരും പരിഗണിച്ചിരുന്നു. എന്നാൽ മുതിർന്ന പണ്ഡിതനായ പി.പി. ഉമർ മുസല്യാരെ ജനറൽ സെക്രട്ടറിയാക്കാൻ മുശാവറ തീരുമാനിക്കുകയായിരുന്നു. ഇതോടെ എം.ടി. അബ്ദുല്ല മുസല്യാർ പുതിയ ട്രഷററായി.

വി. മൂസക്കോയ മുസല്യാർ, എ.വി. അബ്ദുറഹിമാൻ മുസല്യാർ എന്നിവർ വൈസ് പ്രസിഡന്റുമാരായും കെ. ഹൈദർ ഫൈസി ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.

അതേസമയം, സംഘടനയുടെ അടിയന്തര വിഷയങ്ങളിൽ വേഗത്തിൽ കൂടിയാലോചന നടത്തുന്നതിനായി പ്രത്യേക കൂടിയാലോചന സമിതിക്കും രൂപം നൽകി. പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ എട്ട് അംഗങ്ങളാണ് സമിതിയിലുള്ളത്. മുശാവറ യോഗം അടിയന്തര സാഹചര്യങ്ങളിൽ എല്ലായ്പ്പോഴും വിളിച്ചുചേർക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സമിതി രൂപീകരിച്ചതെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി.

സമസ്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനായി ആറ് അംഗങ്ങളടങ്ങുന്ന ഫത്‌വ കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.

വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെതിരെ മുശാവറ അംഗം കെ. ഉമർ ഫൈസി മുക്കം നടത്തിയ വിവാദ പരാമർശവും യോഗത്തിൽ ചർച്ചയായി. വിഷയത്തിൽ അന്വേഷണം നടത്താനും വിശദീകരണങ്ങൾ പരിശോധിച്ച ശേഷം കൂടിയാലോചനാ സമിതി തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചതായി സമസ്ത പ്രസിഡന്റ് അറിയിച്ചു.

സംഘടനയുടെ ലക്ഷ്യങ്ങൾക്കും രാജ്യത്തിന്റെ നന്മയ്ക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് പുതിയ ജനറൽ സെക്രട്ടറി പി.പി. ഉമർ മുസല്യാർ പ്രതികരിച്ചു. എല്ലാ ജനവിഭാഗങ്ങളുമായും ഐക്യത്തോടെയും സമാധാനത്തോടെയും മുന്നോട്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ജനറൽ സെക്രട്ടറിയായിരുന്ന പ്രഫ. കെ. ആലിക്കുട്ടി മുസല്യാരുടെ മരണത്തിന് ശേഷമുള്ള രണ്ടാമത്തെ മുശാവറ യോഗത്തിലാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ആദ്യ മുശാവറ യോഗത്തിൽ ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച നടന്നിരുന്നെങ്കിലും എം.ടി. അബ്ദുല്ല മുസല്യാർക്ക് താൽക്കാലിക ചുമതല നൽകി യോഗം പിരിയുകയായിരുന്നു. ഇത്തവണ പി.പി. ഉമർ മുസല്യാരെ ജനറൽ സെക്രട്ടറിയായി നിയോഗിച്ചതോടെയാണ് നേതൃത്വത്തിലെ ഒഴിവ് നികത്തിയത്.

കൂടിയാലോചനാ സമിതി

പ്രസിഡന്റ്: മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
ജനറൽ സെക്രട്ടറി: പി.പി ഉമർ മുസല്യാർ കൊയ്യോട്
ട്രഷറർ: എം.ടി അബ്ദുല്ല മുസല്യാർ
എ.വി. അബ്ദുറഹിമാൻ മുസല്യാർ
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്
പി.കെ. ഹംസക്കുട്ടി മുസല്യാർ ആദൃശേരി
വാക്കോട് മൊയ്തീൻകുട്ടി മുസല്യാർ
പി.എം അബ്ദുൽസലാം ബാഖവി

ഫത്‌വ കമ്മിറ്റി

മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ (ചെയർമാൻ)
എം.ടി അബ്ദുല്ല മുസല്യാർ (കൺവീനർ)
പി.പി. ഉമ്മർ മുസല്യാർ കൊയ്യോട്
പി.കെ. മൂസക്കുട്ടി ഹസ്‌റത്ത്
ഡോ. സി.കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര
അബ്ദുൽ ഗഫൂർ അൻവരി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img