
കൊല്ലം: കുന്നത്തൂർ മണ്ഡലത്തിൽ ഉണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ വൈകാരിക പ്രതികരണവുമായി മുൻ എംഎൽഎ കോവൂർ കുഞ്ഞുമോൻ. മാധ്യമങ്ങൾക്കുമുന്നിൽ വിതുമ്പിയായിരുന്നു കുഞ്ഞുമോന്റെ പ്രതികരണം. ഇരുപത്തിയഞ്ച് വർഷത്തിലേറെയായി ജനങ്ങൾക്കൊപ്പമുണ്ടായിരുന്ന തനിക്ക് ഇത്തവണ ഉണ്ടായ വോട്ട് ചോർച്ച എന്തുകൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി പരാജയം അംഗീകരിക്കുന്നുവെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ ഉണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി നേതൃത്വം വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിക്കുന്നതുപോലുള്ള കറുത്ത കാർ സ്വന്തമാക്കണമെന്ന ആഗ്രഹം തനിക്കുമുണ്ടായിരുന്നുവെന്ന് കുഞ്ഞുമോൻ തുറന്നു പറഞ്ഞു. ചിട്ടികളിലൂടെ സമ്പാദിച്ച 27 ലക്ഷം രൂപ ചെലവഴിച്ചാണ് കാർ വാങ്ങിയതെന്നും അതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളിൽ അസ്വാഭാവികത ഒന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്വന്തമായി വീടുപോലുമില്ലാത്ത സാഹചര്യത്തിൽ ഏറെ ഇഷ്ടപ്പെട്ടാണ് ആ വാഹനം വാങ്ങിയതെന്നും, ജനപ്രതിനിധിയെന്ന നിലയിൽ വ്യക്തിപരമായ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ തനിക്കുമവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജനവിധിയിൽ പ്രതിഫലിക്കാതിരുന്നതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. കിഫ്ബി പദ്ധതികളിലൂടെ കുന്നത്തൂരിന് ഒന്നും ലഭിച്ചില്ലെന്ന ആരോപണം തള്ളി അദ്ദേഹം നിരവധി വികസന പദ്ധതികൾ ചൂണ്ടിക്കാട്ടി. മൈനാഗപ്പിള്ളി റെയിൽവേ മേൽപ്പാലം, ശാസ്താംകോട്ട മിനി സിവിൽ സ്റ്റേഷൻ, കണ്ണക്കാട്ട് കടവ് പാലം തുടങ്ങിയ വലിയ പദ്ധതികൾ മണ്ഡലത്തിൽ യാഥാർഥ്യമായതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ നടന്ന വികസനം രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും, എന്നാൽ അതെല്ലാം ജനങ്ങൾ പൂർണമായി അംഗീകരിച്ചില്ലെന്ന വിലയിരുത്തലും അദ്ദേഹം നടത്തി.
തന്റെ പരാജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി സോഷ്യൽ മീഡിയയിലെ സാന്നിധ്യക്കുറവിനെയാണ് കുഞ്ഞുമോൻ കാണുന്നത്. ചെയ്ത പ്രവർത്തനങ്ങൾ പുതിയ തലമുറയിലേക്ക് റീൽസുകളിലൂടെയോ ഡിജിറ്റൽ പ്രചാരണങ്ങളിലൂടെയോ എത്തിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം സമ്മതിച്ചു. ഫ്ലെക്സ് ബോർഡുകളിലൂടെയോ പരസ്യങ്ങളിലൂടെയോ സ്വയം പ്രചരിപ്പിക്കാൻ താൽപര്യമില്ലാതിരുന്നതാണ് ഇപ്പോൾ തിരിച്ചടിയായതെന്നും, ജനങ്ങൾ നേരിട്ട് അറിയുന്ന നേതാവെന്ന വിശ്വാസം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മതിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
25314 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ വിജയിച്ചത്. 81488 വോട്ടുകൾ നേടിയാണ് ഉല്ലാസ് കോവൂർ വിജയിച്ചത്. പ്രധാന എതിർ സ്ഥാനാർഥികളായ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞിമോന് 56174 വോട്ടുകളും എൻഡിഎയിലെ രാജി പ്രസാദ് 24841 വോട്ടുകളും നേടി. കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മൺട്രോതുരുത്ത് പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തും ഉൾപ്പെടുന്നതാണ് ഈ കുന്നത്തൂർ നിയമസഭ മണ്ഡലം. കൊല്ലം ജില്ലയിലെ ഏക എസ്‌സി സംവരണ മണ്ഡലമാണിത്. 2001 മുതൽ 2021വരെ കോവൂർ കുഞ്ഞിമോൻ ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയത്.
സ്ഥിരതയാർന്ന വികസനത്തിനാണ് കുന്നത്തൂർ എന്നും മുൻഗണന നൽകിയിട്ടുള്ളത്. പരമ്പരാഗതമായി ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന മണ്ഡലമാണിതെങ്കിലും, പ്രവർത്തന മികവ് ഇല്ലാത്ത പക്ഷം വോട്ടർമാർ കടുത്ത നിലപാടുകൾ സ്വീകരിക്കാറുള്ള മണ്ഡലം കൂടിയാണിത്. കുന്നത്തൂരിന്റെ രാഷ്ട്രീയ ചരിത്രം റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുമായിയുള്ള അടുപ്പമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. എന്നാൽ 2016-ൽ ആർഎസ്പി ഔദ്യോഗികമായി യുഡിഎഫിലേക്ക് ചേർന്നതിനെ തുടർന്ന്, ഇടതുപക്ഷ നിലപാട് തുടർന്ന കോവൂർ കുഞ്ഞുമോൻ ആർഎസ്പി (ലെനിനിസ്റ്റ്) എന്ന പുതിയ വിഭാഗം രൂപീകരിക്കുകയായിരുന്നു. 2026-ലെ തെരഞ്ഞെടുപ്പിലും ഈ രണ്ട് ആർഎസ്‍പി വിഭാഗങ്ങൾ തമ്മിലാണ് പ്രധാന മത്സരം അരങ്ങേറിയത്.
കഴിഞ്ഞ അഞ്ച് തവണത്തെ വികസന പ്രവർത്തനങ്ങളും സഹകരണ മേഖലയിലുള്ള സ്വാധീനവും വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു കോവൂർ കുഞ്ഞിമോൻ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ തവണ വെറും 2,790 വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട ഉല്ലാസ് കോവൂർ, ഇത്തവണ ഭരണവിരുദ്ധ വികാരത്തിലൂടെയും ആർഎസ്പിയുടെ പഴയ വോട്ടുകൾ തിരിച്ചുപിടിച്ചും വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു മത്സരത്തിനിറങ്ങിയത്. 2021-ൽ കോവൂർ കുഞ്ഞുമോന് 69,436 വോട്ടുകളും ഉല്ലാസ് കോവൂരിന് 66,646 വോട്ടുകളുമാണ് ലഭിച്ചത്. 2016-ൽ കുഞ്ഞുമോന് ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്താണ് കഴിഞ്ഞ തവണ അത് മൂവായിരത്തിൽ താഴെയായി കുറഞ്ഞത്.










