
കേരളത്തിൽ രണ്ടു ദിവസം ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിനാണ് രണ്ടു ദിവസം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 20, 21 തീയതികളിലാണ് കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം പാതയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ ആലപ്പുഴ വഴി വഴിതിരിച്ചുവിടുമെന്നും മറ്റു ചിലവ ഭാഗികമായി മാത്രമേ സർവീസ് നടത്തുകയുള്ളു എന്നുമാണ് റയിൽവെ വ്യക്തമാക്കുന്നത്.
കൊടൂരാറിനു കുറുകെയുള്ള റെയിൽപാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കൊടൂരാറിനു കുറുകെയുള്ള പഴയ പാലത്തിൽ ഗർഡറുകൾ മാറ്റുന്ന ജോലിയാണു നടക്കുന്നത്.
സെപ്റ്റംബർ 20ന് കോട്ടയം വഴി ഓടുന്ന ആറ് എക്സ്പ്രസ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും. തിരുവനന്തപുരം- എംജിആർ ചെന്നൈ സെൻട്രൽ, തിരുവനന്തപുരം നോർത്ത്- ശ്രീ ഗംഗാനഗർ, തിരുവനന്തപുരം നോർത്ത്- ബെംഗളൂരു ഹംസഫർ, കന്യാകുമാരി ഡിബ്രുഗഡ്, തിരുവനന്തപുരം സെൻട്രൽ- മധുരൈ അമൃത, തിരുവനന്തപുരം സെൻട്രൽ മംഗളൂരു ട്രെയിനുകൾ ആലപ്പുഴ വഴിയാകും കടന്നു പോവുക.
കൂടാതെ, 20ന് മധുരൈ ഗുരുവായൂർ ട്രെയിൻ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. പിന്നീട് 21ന് യാത്ര തുടരും. 20നുള്ള നാഗർകോവിൽ- കോട്ടയം ചങ്ങനാശ്ശേരിയിൽ യാത്ര അവസാനിപ്പിക്കും. 19ന് പുറപ്പെടുന്ന എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസ് കോട്ടയത്ത് അവസാനിപ്പിക്കും.
20ന് ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകളുടെ വിശദ വിവരങ്ങൾ നോക്കാം..
ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഈ മാസം ഇരുപതിന് ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ഈ ട്രെയിനിന് ആലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടാകും.
ട്രെയിൻ നമ്പർ 16312 തിരുവനന്തപുരം നോർത്ത്- ശ്രീ ഗംഗാനഗർ എക്സ്പ്രസും ഇരുപതിന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴയിൽ സ്റ്റോപ് ഉണ്ടാകും.
ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത് - ബെംഗളൂരു ഹംസഫർ എക്സ്പ്രസ് ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ഈ ട്രെയിനും ആലപ്പുഴയിൽ സ്റ്റോപ് ഉണ്ടാകും.
ട്രെയിൻ നമ്പർ 22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്സ്പ്രസും ഇരുപതിന് ആലപ്പുഴ വഴിയാണ് ഓടുക. ഈ ട്രെയിനും ആലപ്പുഴയിൽ നിർത്തും.
ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസും ഇരുപതിന് ആലപ്പുഴ വഴി ഓടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ് നിർത്തും.
ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസും ഇരുപതിന് ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ,ചേർത്തല സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടാകും.
ഇന്ന് ചെന്നൈയിൽ നിന്നു പുറപ്പെടുന്ന 12695 നമ്പർ ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിൻ കോട്ടയത്തു യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിൻ തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ്, അതായത്, ട്രെയിൻ നമ്പർ 12696 നാളെ രാത്രി 8.05നു കോട്ടയത്തു നിന്നാകും പുറപ്പെടുക.
ട്രെയിൻ നമ്പർ 16327 മധുര - ഗുരുവായൂർ എക്സ്പ്രസ് നാളെ കൊല്ലത്തു യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനിന്റെ കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ റദ്ദാക്കി. 21ന് ഉള്ള മടക്ക ട്രെയിൻ ഗുരുവായൂർ - മധുര എക്സ്പ്രസ്, അതായത്, ട്രെയിൻ നമ്പർ 16328, ഉച്ചയ്ക്ക് 12.10നു കൊല്ലത്തുനിന്നു പുറപ്പെടും.
ട്രെയിൻ നമ്പർ 16366 ∙ നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് ഈ മാസം 20നു ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും.











