കോട്ടയം ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം ഗവൺമെന്റ് നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒന്നാം വർഷ വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കട്ടിലിൽ കെട്ടിയിട്ട വിദ്യാർത്ഥിയുടെ ശരീരത്തിൽ ലോഷൻ പുരട്ടുകയും ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. റാഗിങ്ങിനിടെ പ്രതികൾ തന്നെ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തോർത്തുകൊണ്ട് കൈകാലുകൾ കെട്ടിയിട്ടനിലയിലാണ് ജൂനിയർ വിദ്യാർത്ഥിയെ വീഡിയോയിൽ കാണാനാകുക. ശരീരമാസകലം ലോഷൻ പുരട്ടിയിട്ടുമുണ്ട്. തുടർന്ന് സീനിയർ വിദ്യാർത്ഥികൾ ഈ വിദ്യാർത്ഥിയുടെ ശരീരത്തിൽ വൺ, ടൂ, ത്രീ എന്നുപറഞ്ഞ് ഡിവൈഡർ കൊണ്ട് കുത്തുകയാണ്. ജൂനിയർ വിദ്യാർഥി വേദനകൊണ്ട് നിലവിളിക്കുമ്പോൾ പ്രതികൾ അട്ടഹസിക്കുന്നതും 'സെക്‌സി ബോഡി'യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വിദ്യാർത്ഥി കരഞ്ഞുനിലവിളിക്കുമ്പോൾ വായിലും കണ്ണിലും ലോഷൻ ഒഴിച്ചുനൽകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കിൽ കണ്ണ് അടച്ചോയെന്നും പ്രതികൾ പറയുന്നുണ്ട്. ജൂനിയർ വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകൾ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് 'ഞാൻ വട്ടം വരയ്ക്കാം' എന്നുപറഞ്ഞ് പ്രതികളിലൊരാൾ ഡിവൈഡർ കൊണ്ട് വിദ്യാർത്ഥിയുടെ വയറിൽ കുത്തിപരിക്കേൽപ്പിക്കുന്നത്. ഡിവൈഡർ ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേൽപ്പിച്ചത്. 'മതി ഏട്ടാ വേദനിക്കുന്നു' എന്ന് ജൂനിയർ വിദ്യാർഥി കരഞ്ഞുപറഞ്ഞിട്ടും സീനിയർ വിദ്യാർഥികൾ ക്രൂരത അവസാനിപ്പിക്കുന്നില്ല. വിദ്യാർഥിയെ ഉപദ്രവിച്ച് അട്ടഹസിക്കുന്നത് ഇവർ തുടരുകയായിരുന്നു.
കഴിഞ്ഞദിവസമാണ് ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്തതതിന് കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ അഞ്ച് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്.







