
കോട്ടയം: അവയവദാനത്തിനായി വ്യാജ രേഖകൾ തയ്യാറാക്കി അനുമതി നേടാൻ ശ്രമിച്ച കേസിൽ വീണ്ടും അറസ്റ്റ്. കോട്ടയം വാഴൂർ സ്വദേശിനിയായ മായയാണ് പിടിയിലായത്. കൊച്ചി അമ്പലമേട് പൊലീസാണ് മായയെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രധാന പ്രതിയായ കല്ലറ സ്വദേശിയായ നജീബ്, ഭാര്യ റഷീദ, വ്യാജ രേഖകൾ തയ്യാറാക്കാൻ സഹായിച്ച കുന്നത്തുനാട് പള്ളിക്കര സ്വദേശികളായ സണ്ണി വർഗീസും ഭാര്യ സിനിയും, തൊടുപുഴ സ്വദേശി ഡെബിൻ ജോസും ഉൾപ്പെടെ ഏഴുപേരാണ് ഇതുവരെ അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മായക്ക് കേസിലെ പ്രധാന പ്രതി നജീബുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവയവ കൈമാറ്റത്തിനായി ഒരു അപരിചിതനെ സ്വന്തം സഹോദരനായി രേഖകളിൽ ഉൾപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റേഷൻ കാർഡിൽ ഇയാളെ സഹോദരനായി ചേർത്തശേഷം, അവയവദാനത്തിന് അനുമതി ലഭിക്കുന്നതിനായി ജില്ലാ തല ഓതറൈസേഷൻ കമ്മിറ്റിക്ക് മുമ്പാകെ തെറ്റായ വിവരങ്ങൾ സമർപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഈ നടപടികൾക്കായി മായയ്ക്ക് നജീബിലൂടെ സാമ്പത്തിക പ്രതിഫലം ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വ്യാജ രേഖ നിർമാണത്തിൽ പങ്കാളിത്തം, അനധികൃത പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കൽ, സംഘടിത കുറ്റകൃത്യത്തിൽ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് മായക്കെതിരെ ചുമത്തിയിരിക്കുന്നത്.
നജീബിന്റെ ഡയറിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഡെബിൻ ജോസിലേക്ക് എത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും പാവപ്പെട്ടവരെയും ലക്ഷ്യമിട്ട് അവയവ കൈമാറ്റ തട്ടിപ്പിലേക്ക് ആകർഷിക്കുന്ന ഇടനിലക്കാരനായിരുന്നു ഡെബിൻ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.











