
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജെത്തി. ഇന്നു രാവിലെ ഏഴേകാലോടെയാണ് ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിൽ ആരോഗ്യമന്ത്രി എത്തിയത്. മരിച്ച ബിന്ദുവിന്റെ അമ്മയുമായും ഭർത്താവുമായും മകളുമായും സംസാരിച്ചു. എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. പ്രാദേശിക സിപിഎം നേതാക്കളും വീണ ജോർജ്ജിനൊപ്പമുണ്ടായിരുന്നു.
ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അത്യന്തം ദു:ഖകരമായ സംഭവമാണുണ്ടായത്. ബിന്ദുവിൻ്റെ കുടുംബത്തെ കണ്ടു, സംസാരിച്ചു. സർക്കാർ ഒപ്പമുണ്ടാവും. എല്ലാ തലത്തിലും സർക്കാർ പൂർണ്ണമായും അവർക്കൊപ്പം ഉണ്ടാവും. ബിന്ദുവിന്റെ കുടുംബത്തിനുള്ള സഹായത്തെ കുറിച്ച് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. ചീഫ് സെക്രട്ടറിക്കാണ് കളക്ടർ ജോൺ വി സാമുവൽ റിപ്പോർട്ട് നൽകിയത്. അപകടത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഇന്നും തുടർന്നേക്കും. കഴിഞ്ഞ ദിവസം ആശുപത്രി വികസന ഫണ്ടിൽ നിന്ന് ആദ്യഘട്ടമെന്നോണം ധനസഹായം കുടുംബത്തിന് നൽകിയിരുന്നു. ഇതിന് പിന്നാലെ സർക്കാരിന്റെ ധനസഹായത്തിന് വേണ്ടിയുള്ള ഒരു റിപ്പോർട്ട് എത്രയും പെട്ടന്ന് കൈമാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ജില്ലാ കളക്ടർ ജോൺ വി സാമുവൽ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ ധനസഹായം പ്രഖ്യാപിക്കുക.








