
ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുവാതിൽക്കലിലാണ് സംഭവം. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. ഇന്നു രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളുണ്ട്. നഗ്നമായ നിലയിലായിരുന്നു മൃതദേഹങ്ങൾ.
കോട്ടയം നഗരത്തിൽ ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റ് ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിനുണ്ട്. വിജയകുമാറും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം. ഇവരുടെ മകനെ ഏതാനും വർഷങ്ങൾക്ക് മുൻപ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
വീടിന്റെ രണ്ടു മുറികളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയിൽ അടിയേറ്റിട്ടുണ്ട്. ഇരുവരുടെയും തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
വ്യക്തി വൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ വീട്ടിൽ നേരത്തെ ജോലിക്കു നിന്നിരുന്ന അന്യ സംസ്ഥാനത്തൊഴിലാളിക്കായി തിരച്ചിൽ ആരംഭിച്ചു. ഇയാളെ മോഷണക്കുറ്റത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ഇതേ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.










