
കോട്ടയം സർക്കാർ നഴ്‌സിംഗ് കോളജ് ഹോസ്റ്റലിലെ റാഗിംങ് കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. 45 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അഞ്ച് പ്രതികളാണ് കേസിലുള്ളത്. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടപയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരിത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസിലെ പ്രതികൾ.
45 സാക്ഷികളും 32 രേഖകളും ഉൾപ്പെടെയുള്ളതാണ് കുറ്റപത്രം. ഇരകളായ ആറ് പേരും കേസിൽ സാക്ഷികളാണ്. അതേസമയം, അധ്യാപകരെയോ ഹോസ്റ്റൽ വാർഡനെയോ കേസിൽ പ്രതിചേർത്തിട്ടില്ല. കൊലപാതകത്തിന് തുല്യമായ കൊടുംക്രൂരതയാണ് ജൂനിയർ വിദ്യാർത്ഥികളോട് കാണിച്ചതെന്നാണ് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസ് അന്വേഷിച്ചത്.
വിദ്യാർത്ഥികൾ പകർത്തി സൂക്ഷിച്ച വീഡിയോ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട തെളിവ്. ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേൽപ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പൽ അമർത്തിയെന്നുമുള്ള കോട്ടയം സർക്കാർ നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്. സീനിയർ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളുമുണ്ടായിരുന്നു. കുട്ടികളുടെ ശരീരത്തിൽ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവിൽ ബോഡി ലോഷൻ ഒഴിച്ച് കൂടുതൽ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. സ്വകാര്യ ഭാഗത്ത് ഡമ്പൽ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികൾ അലറിക്കരയുമ്പോൾ അക്രമികൾ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയിൽ കാണാം. നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട് അക്രമികളായ വിദ്യാർത്ഥികൾ.
പ്രതികൾ ജാമ്യാപേക്ഷയും മുൻകൂർ ജാമ്യാപേക്ഷയുമെല്ലാം സമർപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. നിലവിൽ ഇവർ റിമാൻഡിലാണ്. കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസ് വിചാരണയിലേക്ക് കടക്കും.










