
കോട്ടയത്തെ ദമ്പതികളുടെ മരണത്തിൽ അടിമുടി ദുരൂഹത. വീട്ടിൽ നിന്നും സ്വർണവും പണവുമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട വിജയകുമാറിന്റെയും ഭാര്യ മീരയുടെയും ശരീരത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിൽ അലമാരയോ ഷെൽഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമല്ലെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലുണ്ടെന്ന തരത്തിലുള്ള വാർത്തകളും പൊലീസ് തള്ളുകയാണ്.
പിന്നിലെ വാതിൽ സ്ക്രൂഡ്രൈവർ കൊണ്ട് തുറന്നാണ് കൊലപാതകി വീടിനുള്ളിൽ കടന്നതെന്ന് പൊലീസ് കണ്ടെത്തി. ആദ്യം വിജയകുമാറിനെയാണ് കോടാലി ഉപയോഗിച്ച് പ്രതി വെട്ടിയത്. വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മീരയെ പിന്നാലെ കൊലപ്പെടുത്തി. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. ദമ്പതികളെ ആക്രമിക്കാൻ പ്രതി ഉപയോഗിച്ച കോടാലി വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ദമ്പതികളുടെ മകൻ ഗൗതം കൃഷ്ണകുമാറും എട്ടു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടത് എന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. ഗൗതം മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വിജയകുമാറും ഭാര്യയും കൊല്ലപ്പെട്ടത്. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങൾക്കുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെട്ടത്.
2017 ജൂൺ മാസത്തിലാണ് വിജയകുമാറിന്റെ മകൻ ഗൗതം കൃഷ്ണകുമാറിനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു ഗൗതമിന്റെ പ്രായം. കാരിത്താസ് റെയിൽവേ ഗേറ്റിനു സമീപമാണ് ഗൗതമിന്റെ മൃതദേഹം കണ്ടത്. ഗൗതമിന്റെ കാർ കാരിത്താസ് ജംക്ഷനും അമ്മഞ്ചേരിക്കും ഇടയിലുള്ള റോഡിൽ പാർക്ക് ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു.
ഗൗതമിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവും കാറിൽ രക്തപ്പാടുകളും ഉണ്ടായിരുന്നു. മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കൾ കാറിൽ ഉണ്ടായിരുന്നതിനാൽ മോഷണത്തിനു വേണ്ടിയുള്ള കൊലപാതകം ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നു. മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളുന്നതിനെതിരെ വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഗൗതമിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ പിഴവുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.
വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകം പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോട്ടയം എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.










