കോട്ടയം : കേരളത്തിന് അനുവദിക്കുന്ന എയിംസിനായി കോട്ടയം ജില്ലയെ പരിഗണിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. കേരളത്തിന്റെ ഏത് ഭാഗത്തുനിന്നും എത്തിച്ചേരാൻ അനുയോജ്യമായ സ്ഥലമാണ് വെള്ളൂരിലേത്. റോഡ്- റെയിൽ സൗകര്യങ്ങളുമുണ്ട്. കാസർഗോഡ് നിന്നോ, തിരുവനന്തപുരത്ത് നിന്നോ എത്തുന്നവർക്ക് മധ്യകേരളത്തിൽ തന്നെ മെച്ചപ്പെട്ട ചികിത്സലഭിക്കും. ഇത് യാത്രയുടെ ദൂരം കുറയ്ക്കും. സർക്കാരിന്റെ പക്കൽ മതിയായ ഭൂമിയുള്ളതിനാൽ കുടിയൊഴിപ്പിക്കലുകളോ, സാങ്കേതിക തടസങ്ങളോ ഉണ്ടാകാതെ സ്ഥലലഭ്യത ഉറപ്പാക്കാം. എയിംസിന്റെ കാര്യത്തിൽ ഭാരതത്തിലെ പ്രധാന തീർത്ഥാടനകേന്ദ്രമായ ശബരിമലയുടെ പ്രധാന്യം കൂടി കണക്കിലെടുക്കണം. കോട്ടയം ജില്ലയിൽ എയിംസ് യാഥാർത്ഥ്യമായാൽ ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ അടിയന്തരസാഹചര്യങ്ങളിൽ ഏറ്റവും വേഗത്തിൽ ചികിത്സലഭ്യമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.








