അതീവസങ്കടകരമായ ഒരു വാർത്തയാണ് ഇന്ന് പ്രഭാതത്തിൽ നമ്മെ തേടിയെത്തിയത്. കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. സ്ക്കൂൾ വിദ്യാർത്ഥികളായ കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധിപേർ പരിക്കേറ്റ് ചികിത്സയിലാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഹൃദയഭേദകമായ ഈ നിമിഷത്തെ അതിജീവിക്കുവാനുള്ള ശക്തി സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ. വാഹനം അതിവേഗത്തിൽ വരുന്നത് കണ്ടയുടൻ തന്റെ കൺമുന്നിലുണ്ടായിരുന്ന കുട്ടികളെ വലിച്ചുമാറ്റി അവരെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അഞ്ജലി എന്ന പെൺകുട്ടിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
കേരളത്തിലെ റോഡുകളിലൂടെ സ്ഥിരമായി യാത്ര ചെയ്യാറുള്ളതിനാൽ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം ഇവിടെ പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ മിക്ക സ്ക്കൂളുകളിലും ഇപ്പോൾ അധ്യയനം നേരത്തെ ആരംഭിക്കുകയും നേരത്തെ തന്നെ അവസാനിക്കുകയും ചെയ്യുന്നുണ്ട്. രാവിലെ 7 മുതൽ കുഞ്ഞുങ്ങൾ സ്ക്കൂളിലേക്ക് പോകുന്നതിനുള്ള യാത്ര തുടങ്ങുകയാണ്. അതേസമയം ഭാരവാഹനങ്ങൾക്ക് നിരത്തുകളിലുള്ള നിയന്ത്രണം പഴയതുപോലെ തന്നെ നിലനിൽക്കുന്നു. മിക്ക ജില്ലകളിലും രാവിലെ 8 മണി 8.30 എന്നിങ്ങനെയാണ് ഈ നിയന്ത്രണം നിലവിലുള്ളത്. സ്ക്കൂൾ സമയം കണക്കിലെടുത്ത് നിയന്ത്രണത്തിൽ ഒരു പുന:ക്രമീകരണം ആവശ്യമില്ലേ എന്ന് നാം ഗൗരവമായി ചിന്തിക്കണം. അപകടങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മനുഷ്യജീവനുകളെ സുരക്ഷിതമാക്കാം.










