10:36pm 09 September 2026
NEWS
ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ കോട്ടപ്പുറം രൂപത അനുശോചിച്ചു
09/09/2026  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ കോട്ടപ്പുറം രൂപത അനുശോചിച്ചു

കോട്ടപ്പുറം രൂപതാംഗവും മലയാള മനോരമയുടെ സ്‌പെഷൽ കറസ്‌പോണ്ടന്റുമായിരുന്ന പ്രമുഖ പത്രപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ ആകസ്മിക വിയോഗത്തിൽ കോട്ടപ്പുറം രൂപത അനുശോചിച്ചു.

കോട്ടപ്പുറം രൂപതയുടെ മീഡിയ കമ്മീഷനും കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷനും (കെഎൽസിഎച്ച്എ) മികച്ച സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ജിജോ ജോൺ പുത്തേഴത്ത്. ചവിട്ടുനാടകത്തിന്റെയും വള്ളംകളിയുടെയും നാടായ ഗോതുരുത്തിന്റെ സാമൂഹിക-സാംസ്കാരിക വളർച്ചയ്ക്ക് മികച്ച നേതൃത്വം നൽകാനും ജിജോയ്ക്ക് കഴിഞ്ഞിരുന്നു. നല്ല സംഘാടകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന അദ്ദേഹം തന്റെ പ്രവർത്തനമേഖലകളിലെല്ലാം ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചു.

കോട്ടപ്പുറം രൂപതയിലെ ഗോതുരുത്ത്–കടൽവാതുരുത്ത് ഹോളിക്രോസ് ഇടവകയിലെ പുത്തേഴത്ത് കുടുംബാംഗമായ ജിജോ, കോട്ടപ്പുറം രൂപതയുടെ ഹെറിറ്റേജ് കമ്മീഷനിലും കെഎൽസിഎച്ച്എയിലും സജീവമായി പ്രവർത്തിച്ചിരുന്നു. ഹിസ്റ്ററി അസോസിയേഷൻ പുറത്തിറക്കിയ 'ഡിവൈൻ സെഞ്ച്വറീസ് '  എന്ന ചരിത്ര ഡോക്യുമെന്ററിയുടെ നിർമ്മാണത്തിലും അദ്ദേഹം വിലപ്പെട്ട സഹായം നൽകിയിരുന്നു. കോട്ടപ്പുറം രൂപതയുടെ വിവിധ പരിപാടികളിൽ മീഡിയ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു.

മാധ്യമരംഗവുമായി ബന്ധപ്പെട്ട് ജിജോ നൽകിയ വിലപ്പെട്ട നിർദ്ദേശങ്ങളും സേവനങ്ങളും കോട്ടപ്പുറം രൂപതയ്ക്ക് എന്നും മുതൽക്കൂട്ടായിരിക്കും. അദ്ദേഹത്തിന്റെ അകാലവിയോഗം രൂപതയ്ക്കും ഹെറിറ്റേജ് കമ്മീഷനും കെഎൽസിഎച്ച്എ യ്ക്കും മാത്രമല്ല, ഗോതുരുത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തിനും മാധ്യമലോകത്തിനും വലിയ നഷ്ടമാണ്.

ജിജോ ജോൺ പുത്തേഴത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കോട്ടപ്പുറം രൂപതയുടെയും ഹെറിറ്റേജ് കമ്മീഷന്റെയും കെഎൽസിഎച്ച്എയുടെയും പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കോട്ടപ്പുറം രൂപത മാധ്യമ ഡയറക്ടറും പിആർഒ യുമായ ഫാ. മിഥുൻ ജോൺ മെൻ്റസ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img