ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ എൻഐഎ അന്വേഷണം വേണമെന്ന് സിറോ മലബാർ സഭ

കോതമംഗലത്ത് ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ എൻഐഎ അന്വേഷണം വേണമെന്ന് സിറോ മലബാർ സഭ. മരിച്ച യുവതിയുടെ അമ്മ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തയിച്ചിരുന്നു. ഇതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സഭയും ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മിഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിർബന്ധിത മതപരിവർത്തനം പോലുള്ള വകുപ്പുകൾ പൊലീസ് ചുമത്തിയിട്ടില്ലെന്ന് ഫാ. ജയിംസ് കൊക്കാവയലിൽ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ വകുപ്പു ചുമത്തി അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ ബന്ധമുള്ള പാനായിക്കുളത്തേക്ക് യുവതിയെ കൊണ്ടു പോയി എന്നാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ടു തന്നെ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനു രാജ്യാന്തര ബന്ധങ്ങളുള്ളതു കൊണ്ടാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു.
തന്റെ മകളുടേത് നിർബന്ധിത മതപരിവർത്തന ശ്രമത്തെ തുടർന്നുണ്ടായ ആത്മഹത്യയാണെന്ന് ആരോപിച്ചാണ് അമ്മ കഴിഞ്ഞ ദിവസം എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത്. യുവതിയുടെ സുഹൃത്തും മുൻ സഹപാഠിയുമായ പറവൂർ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലാവുകയും ചെയ്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ, തടഞ്ഞുവയ്ക്കൽ, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ ഇന്ന് യുവതിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചിരുന്നു.











