
കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം കറുകടം ഞാഞ്ഞൂൾമല നഗറിൽ കടിഞ്ഞുമ്മേൽ പരേതനായ എൽദോസിന്റെ മകൾ സോനാ എൽദോസ് (21) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ആൺസുഹൃത്ത് റമീസും കുടുംബവും മതംമാറാൻ നിർബന്ധിച്ചെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റമീസിനെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് സോനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാൻ നിർബന്ധിച്ചും വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത് വിവാഹംകഴിക്കണമെങ്കിൽ മതംമാറണമെന്നായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും നിർബന്ധം. ഇതിനിടെ രജിസ്റ്റർവിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോയി. എന്നാൽ, വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയാണുണ്ടായതെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും സോനയുടെ കുറിപ്പിൽ പറയുന്നു.
ബിന്ദു എൽദോസാണ് സോനയുടെ മാതാവ്. സഹോദരൻ: ബേസിൽ. സോനയുടെ പിതാവ് മൂന്നുമാസം മുൻപാണ് മരിച്ചത്.











