
കോതമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കുട്ടംപുഴ കല്ലേലിമേട് മുള്ളൻകുഴിയിൽവീട്ടിൽ അമൽ ജെറാൾഡ് (25), നെല്ലിക്കുഴി പാറയ്ക്കൽ അശ്വിനി (22) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം പതിനഞ്ചിനാണ് ഇരുവരും ചേർന്ന് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയത്. യുവാവിനെ കോതമംഗലത്തെ ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി അശ്വനിക്കൊപ്പമുള്ള നഗ്നദൃശ്യങ്ങൾ എടുക്കുകയും യുവാവിന്റെ സ്വർണമാലയും എഴുപതിനായിരം രൂപ വില വരുന്ന മൊബൈൽഫോണും കൈക്കലാക്കുകയുമായിരുന്നു.
തന്നെ ഇരുവരും ചേർന്ന് മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും യുവാവിന്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നു. യുവാവിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മോഷണമുതൽ വിറ്റുകിട്ടിയ പണത്തിൽ ബാക്കിയുണ്ടായിരുന്ന 25,000 രൂപയും 8 ഗ്രാം കഞ്ചാവും അമൽ ജെറാൾഡിൽനിന്നും കണ്ടെടുത്തു. ഇയാളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസ് ഉൾപ്പെടെ 16 കേസുകളുണ്ട്. കുട്ടംപുഴ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. യുവതി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ കേസിൽ പ്രതിയാണ്.











