
കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന്റെ (38) മരണവുമായി ബന്ധപ്പെട്ട് കാമുകി അറസ്റ്റിൽ. മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30) കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഥീന കളനാശിനി നൽകി കാമുകനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ, ഈ കളനാശിനി എങ്ങനെയാണ് അൻസിലിന് നൽകിയതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ച് വ്യക്തത വരണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നാണ് പൊലീസ് പറയുന്നത്.
ടിപ്പർ ഡ്രൈവറായ അൻസിലും അഥീനയും തമ്മിൽ അടുപ്പത്തിലായിരുന്നു. അൻസിൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. അൻസിലും അഥീനയും തമ്മിൽ പലപ്പോഴും സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. രണ്ടു മാസം മുൻപ് അൻസിൽ മർദിച്ചതായി കാണിച്ച് കോതമംഗലം പൊലീസിൽ അഥീന പരാതി നൽകിയിരുന്നു. ഈ കേസ് രണ്ടാഴ്ച മുൻപ് അഥീന പിൻവലിച്ചിരുന്നു.അൻസിലുമായി കഴിഞ്ഞ ചൊവ്വാഴ്ച്ച പണത്തെക്കുറിച്ച് വീണ്ടും വഴക്കുണ്ടാകുകയും ചെയ്തു. തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
വിഷം അകത്തുചെന്നു ഗുരുതരാവസ്ഥയിലായ അൻസിൽ വ്യാഴാഴ്ച രാത്രി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലിന് അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിൽവച്ചാണു സംഭവം. വിഷം അകത്തു ചെന്നെന്ന് അൻസിൽ സുഹൃത്തിനെയും പൊലീസിനെയും അറിയിച്ചു. അൻസിലിന്റെ വീട്ടുകാരെ അഥീന വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യശ്രമം എന്നായിരുന്നു അഥീന പൊലിസിനോടും വീട്ടുകാരോടും പറഞ്ഞത്. പൊലീസ് ബന്ധുക്കളെ അറിയിച്ച് ആംബുലൻസു വരുത്തി അൻസിലിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആംബുലൻസിൽ വച്ചു അഥീനയാണു വിഷം നൽകിയതെന്നു അൻസിൽ പൊലീസിനോടും ബന്ധുവിനോടും പറഞ്ഞു.
ഒരു മാസം മുൻപു മറ്റൊരു യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി അഥീനയെ മർദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതിന് കേസുണ്ടായിരുന്നു. ഈ കേസിൽ യുവാവ് അറസ്റ്റിലായിരുന്നു.ഇതിനെ ചൊല്ലിയും അൽസിലും അഥീനയും പരസ്പരം വഴക്കുണ്ടാക്കിയിരുന്നു.
കൃത്യത്തിൽ അഥീനയ്ക്കു പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോതമംഗലം എസ്എച്ച്ഒ പി.ടി.ബിജോയ് നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.











