
കൂത്താട്ടുകുളം നഗരസഭാ ഭരണം ഇടതു മുന്നണിക്ക് നഷ്ടമായി. യുഡിഎഫ് അംഗങ്ങൾ നഗരസഭാ ചെയർപേഴ്സണെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. 13 വോട്ടുകളുടെ പിന്തുണയോടെയാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. ഇടത് അംഗങ്ങളായ പതിനൊന്നു പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
സിപിഎം വിമതയായ കൗൺസിലർ കല രാജുവിന്റെയും സ്വതന്ത്രനായി വിജയിച്ച കൗൺസിലർ പി.ജി.സുനിൽ കുമാറും അവിശ്വാസം പ്രമേയത്തെ പിന്തുണച്ചു. നഗരസഭ അധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർക്കെതിരെയായിരുന്നു യുഡിഎഫിന്റെ അവിശ്വാസ പ്രമേയം.
മുമ്പ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കാനിരിക്കെ സിപിഎം കൗൺസിലർ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ട് പോകുകയും സ്ത്രീയാണെന്ന പരിഗണന പോലും തരാതെ വസ്ത്രം പിടിച്ച് വലിക്കുകയും ബലമായി പിടിച്ച് വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഒരു സ്ത്രീയോട് പാർട്ടി ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ ഇതാണ് തന്റെ പ്രതികരണമെന്നും മനസാക്ഷിക്ക് യോജിച്ചപോലെയാണ് അവിശ്വാസത്തെ പിന്തുണച്ചതെന്നും കലാ രാജു പറഞ്ഞു.








