
80 കുടുംബങ്ങൾക്ക് ധനസഹായം കൈമാറി
കൊച്ചി: കേരള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി കൊച്ചി നഗരസഭയുടെ നേതൃത്വത്തിലുള്ള കോന്തുരുത്തിപ്പുഴ പുനരധിവാസ ഒഴിപ്പിക്കൽ നടപടികൾക്ക് തുടക്കമായി. മേയർ അഡ്വ. വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ, സെക്രട്ടറി ഷിബു പി.എസ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടികൾ ആരംഭിച്ചത്. പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി 80 പേർക്ക് 14 ലക്ഷം രൂപ വീതം കൈമാറി. സർക്കാർ മാനദണ്ഡപ്രകാരം എല്ലാ രേഖകളും കൈമാറിയ 80 പേർക്കാണ് ബാങ്ക് വഴി തുക കൈമാറിയത്. 14 ലക്ഷം രൂപ വീതമുള്ള ഒറ്റത്തവണ ധനസഹായം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. തുക കൈപ്പറ്റിയ ഗുണഭോക്താക്കൾ കെട്ടിടങ്ങൾ നഗരസഭയ്ക്ക് സ്വമേധയാ വിട്ടുനൽകി. വീടുകൾ നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗം ഔദ്യോഗികമായി ഏറ്റെടുക്കുകയും പൊളിച്ചുനീക്കൽ നടപടികൾക്കായി ബന്ധപ്പെട്ട സോണൽ ഓഫീസർമാർക്ക് കൈമാറുകയും ചെയ്തു. ബാങ്ക് രേഖകളിൽ അപാകതയുണ്ടായിരുന്ന 8 പേർക്ക് അത് പരിഹരിച്ച് തിങ്കളാഴ്ച തുക കൈമാറും. 20 പേരൊഴികെ മറ്റെല്ലാവരും കോർപ്പറേഷൻ നടപടികളുമായി സഹകരിക്കുന്നുണ്ടന്ന് മേയർ പറഞ്ഞു. രേഖകൾ ഹാജരാക്കാൻ 13 വരെ സമയം അനുവദിച്ചിട്ടുണ്ട്. കോടതി നിർദേശപ്രകാരം 16 ന് മുൻപായി നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന 126 കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകുന്ന ചരിത്രപരമായ പദ്ധതിയിൽ കൂടുതൽ തുകയും വഹിക്കുന്നത് കൊച്ചി നഗരസഭയാണ്. പുനരധിവാസത്തിനായി ആകെ ആവശ്യമായ 17,64,00,000 രൂപയിൽ (17.64 കോടി) സിംഹഭാഗവും നഗരസഭ നേരിട്ടാണ് വഹിക്കുന്നത്. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും പി എം എ വൈ പദ്ധതി വിഹിതത്തിൽ നിന്നുമായി 11,83,50,000 രൂപ(11.83 കോടി) മുൻകൂട്ടി വകയിരുത്തിയതോടൊപ്പം തനത് ഫണ്ടിൽ നിന്നും 4,54,50,000 രൂപ (4.54 കോടി) കൂടി ചേർത്ത് ആകെ 16,38,10,00 രൂപ (16.38 കോടി ) ആണ് ഈ പദ്ധതിക്കായി കൊച്ചി നഗരസഭ വിനിയോഗിക്കുന്നത്. എന്നാൽ ബാക്കി തുകയായ 1,26,00,000 രൂപ (1.26 കോടി ) മാത്രമാണ് സർക്കാർ വിഹിതമായി ലൈഫ് മിഷനിൽ നിന്ന് ലഭ്യമാകുന്നത്.സാധാരണ ഗതിയിൽ ഭവന പദ്ധതികൾക്ക് ലഭിക്കുന്ന പരിമിതമായ തുകയേക്കാൾ (9.25 ലക്ഷം രൂപ) അധികമായി, ഒഴിപ്പിക്കപ്പെടുന്ന ഓരോ കുടുംബത്തിനും 14 ലക്ഷം രൂപ വീതം നൽകണമെന്ന തീരുമാനം നഗരസഭയുടെ ഇച്ഛാശക്തി കൊണ്ട് മാത്രം നടപ്പിലായതാണ്. പുനരധിവാസം വൈകുന്നത് ഒഴിവാക്കാൻ ഘട്ടം ഘട്ടമായുള്ള ധന സഹായം ഒഴിവാക്കി, തുക ഒറ്റത്തവണയായി ഗുണഭോക്താക്കൾക്ക് നൽകാനും നഗരസഭ സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു.
നഗരസഭാ പരിധിക്ക് പുറത്തും ഭൂമി വാങ്ങാനുള്ള അനുമതി കൂടി ലഭ്യമാക്കിയതോടെ, കൊന്തുരുത്തി പുഴയുടെ വീണ്ടെടുപ്പിനൊപ്പം ഭവനരഹിതരാകുന്നവർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും കൊച്ചി നഗരസഭയ്ക്ക് സാധിച്ചു. പുഴയുടെ പുനരുദ്ധാരണത്തിനായി സഹകരിച്ച ഗുണഭോക്താക്കൾക്കും ആക്ഷൻ കൗൺസിലിനും മേയർ നന്ദി രേഖപ്പെടുത്തി.
Photo Courtesy - Google











