
മലപ്പുറം: കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് കിഴിശ്ശേരി സ്വദേശി അബ്ദുൾ വാഹിദിനെ പിടികൂടിയത്. ഇയാളെ പിന്നീട് കൊണ്ടോട്ടി പൊലീസിന് കൈമാറി. നിറത്തിന്റെ പേരിലടക്കം ഭർത്താവിൽ നിന്നുണ്ടായ പീഡനമാണ് ഷഹാന മുംതാസ് ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്കടുത്ത് പറശ്ശേരി ബഷീറിന്റെയും ഷെമീനയുടെയും മൂത്തമകളാണ് ഷഹാന. കൊണ്ടോട്ടി ഗവ. കോളേജിലെ ഒന്നാംവർഷ ബി.എസ്.സി. ഗണിതശാസ്ത്ര വിദ്യാർഥിനിയാണ്. കഴിഞ്ഞ മേയ് 27-നായിരുന്നു ഷഹാനയുടെയും അബ്ദുൽ വാഹിദിന്റെയും നിക്കാഹ്. 20 ദിവസം കഴിഞ്ഞ് വാഹിദ് ഗൾഫിലേക്ക് പോയി. ജനുവരി 14 നാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 9.30 വരെ വീട്ടിലെ ജോലികൾചെയ്തിരുന്ന ഷഹാനയെ പെട്ടെന്ന് കാണാതായി. മാതാവ് അന്വേഷിച്ചപ്പോൾ മുറി പൂട്ടിയതായി മനസ്സിലായി. ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻ ബന്ധുക്കളും അയൽവാസികളുംചേർന്ന് വാതിൽ പൊളിച്ച് താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷഹാനയ്ക്കു നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നുമൊക്കെ പറഞ്ഞ് ഭർത്താവും വീട്ടുകാരും നിരന്തരം അപമാനിച്ചിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തിൽ യുവജനകമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.











