01:01pm 10 September 2026
NEWS
കൊല്ലവർഷം 1202 കന്നി: 27 നക്ഷത്രജാതരുടെയും സമ്പൂർണ മാസഫലം
09/09/2026  03:42 PM IST
nila
കൊല്ലവർഷം 1202 കന്നി: 27 നക്ഷത്രജാതരുടെയും സമ്പൂർണ മാസഫലം

2026 സെപ്തംബർ 17ന് കന്നിമാസത്തിന് തുടക്കമാകും. അന്ന് രാവിലെ 7.56ന് സൂര്യൻ കന്നിരാശിയിലേക്ക് പ്രവേശിക്കും. 31 ദിവസം നീളുന്ന കന്നിമാസം ഒക്ടോബർ 17ന് അവസാനിക്കും. ഉത്രം, അത്തം, ചിത്തിര എന്നീ ഞാറ്റുവേലകളും ഈ മാസത്തിലുണ്ട്.

കന്നിമാസത്തിലെ ഗ്രഹനില അനുസരിച്ച് വിവിധ നക്ഷത്രക്കാർക്ക് തൊഴിൽ, സാമ്പത്തികം, വിദ്യാഭ്യാസം, കുടുംബം, വിവാഹം, യാത്ര തുടങ്ങിയ മേഖലകളിൽ വ്യത്യസ്ത ഫലങ്ങളാണ് പ്രവചിക്കുന്നത്. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടെ കന്നിമാസഫലം പരിശോധിക്കാം.

അശ്വതി: തൊഴിൽ മേഖലയിൽ മുന്നേറ്റത്തിന് സാധ്യതയുള്ള മാസമാണ്. തടസ്സപ്പെട്ട പ്രമോഷൻ ലഭിക്കാനും സാങ്കേതിക വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും നേട്ടമുണ്ടാക്കാനും സാധ്യതയുണ്ട്. വ്യാപാര-വ്യവസായ മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാം. ലോൺ അപേക്ഷകൾക്ക് അനുകൂല സാഹചര്യമുണ്ടാകും. എന്നാൽ സംരംഭങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിൽ ജാഗ്രത വേണം. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകുമെങ്കിലും നിക്ഷേപങ്ങളിൽ സൂക്ഷ്മതയും സാമ്പത്തിക അച്ചടക്കവും ആവശ്യമാണ്. പ്രണയകാര്യങ്ങളിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.

ഭരണി: കാര്യങ്ങൾ നേടിയെടുക്കാൻ ഒന്നിലധികം വഴികൾ തുറന്നുകിട്ടും. ഔദ്യോഗിക രംഗത്ത് ലക്ഷ്യത്തിലെത്താൻ പരിശ്രമം ആവശ്യമാണ്. പുതിയ ജോലിക്കും സംരംഭങ്ങൾക്കും സാധ്യതയുണ്ട്. ഗവേഷണത്തിലും പഠനത്തിലും മുന്നേറ്റമുണ്ടാകും. പ്രണയബന്ധങ്ങളിലെ തടസ്സങ്ങൾ മറികടക്കാൻ സാധിക്കും. കുടുംബജീവിതത്തിൽ പൊതുവേ സ്വസ്ഥതയുണ്ടാകുമെങ്കിലും യാത്രാക്ലേശവും ആരോഗ്യപരമായ ചെറിയ ബുദ്ധിമുട്ടുകളും ശ്രദ്ധിക്കണം.

കാർത്തിക: കൃത്യനിഷ്ഠയോടെ പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ സ്വന്തമാക്കാം. മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും തിളങ്ങാൻ അവസരമുണ്ട്. നിയമനത്തിനായി കാത്തിരിക്കുന്നവർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. വസ്തുവിൽപ്പനയിലെ തടസ്സങ്ങൾ നീങ്ങുകയും സാമ്പത്തിക നേട്ടം ലഭിക്കുകയും ചെയ്യാം. തെറ്റിദ്ധാരണ മൂലം അകന്ന ബന്ധുക്കൾ വീണ്ടും അടുക്കും. പ്രണയജീവിതത്തിലും അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. എന്നാൽ അനാവശ്യ ഉത്കണ്ഠയും മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായ ഇടപെടലും ഒഴിവാക്കണം.

രോഹിണി: ഔദ്യോഗിക ചുമതലകൾ വർധിച്ചേക്കാം. സഹോദരങ്ങളുടെ പിന്തുണയും അപ്രതീക്ഷിത സഹായങ്ങളും ലഭിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങൾ തുറന്നേക്കാം. സാമ്പത്തിക തടസ്സങ്ങൾ കുറയുകയും വസ്തുവിൽപ്പനയിലൂടെ മികച്ച നേട്ടം ലഭിക്കുകയും ചെയ്യാം. എന്നാൽ വിദ്യാഭ്യാസത്തിൽ ആലസ്യവും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും ഉണ്ടായേക്കാം. പ്രണയകാര്യങ്ങളിൽ ചില മങ്ങലുകൾ പ്രതീക്ഷിക്കാം. ക്രയവിക്രയങ്ങളിൽ ജാഗ്രത ആവശ്യമാണ്.

മകയിരം: അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങൾ ഒരുമിച്ചെത്തുന്നതിനാൽ സമ്മിശ്രഫലമാണ്. ജോലി മാറാനുള്ള ശ്രമങ്ങൾ വിജയിക്കാം. പ്രമോഷനും ഇഷ്ടസ്ഥലത്തേക്ക് സ്ഥലംമാറ്റവും ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിലിടത്തിൽ സമ്മർദം ഉണ്ടാകാമെങ്കിലും ബിസിനസിൽ നിന്ന് വരുമാനം ലഭിച്ചുതുടങ്ങും. കായികരംഗത്ത് അവസരങ്ങൾ ലഭിക്കും. പ്രണയത്തിലെ തടസ്സങ്ങൾ മറികടക്കാനും വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ കടം വാങ്ങി ബിസിനസ് ആരംഭിക്കുന്നത് ഒഴിവാക്കണം.

തിരുവാതിര: തൊഴിൽ മേഖലയിൽ മുന്നേറ്റത്തിന് സാധ്യത. മേലധികാരികളുടെ ശ്രദ്ധ നേടുകയും ചുമതലകൾ കൃത്യമായി നിർവഹിക്കുകയും ചെയ്യും. ചർച്ചകളിലും മീറ്റിംഗുകളിലും മികച്ച പ്രകടനം നടത്താം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉന്നമനേച്ഛ വർധിക്കും. ബിസിനസിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഭാഗികമായി പരിഹരിക്കാനാകും. വിവാഹകാര്യങ്ങളിൽ ശുഭതീരുമാനം പ്രതീക്ഷിക്കാം. മക്കളുടെ കാര്യത്തിൽ സന്തോഷകരമായ വാർത്തകളും ലഭിക്കാം.

പുണർതം: കഠിനാധ്വാനം വർധിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പാരമ്പര്യ തൊഴിൽരംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരും. വസ്തുവിൽപ്പനയിലെയും നിർമ്മാണത്തിലെയും തടസ്സങ്ങൾ നീങ്ങും. കലാരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാം. വരുമാനം വർധിക്കുകയും നിക്ഷേപങ്ങൾക്ക് സാധ്യത തെളിയുകയും ചെയ്യും. വിവാഹകാര്യങ്ങളിൽ ശുഭസൂചനകൾ ലഭിക്കും. ആരോഗ്യ പരിശോധനകൾ മുടക്കരുത്.

പൂയം: തൊഴിൽ മേഖലയിൽ മുന്നേറ്റത്തിനും മേലധികാരികളുടെ പിന്തുണയ്ക്കും സാധ്യത. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. പഠനത്തിൽ ഏകാഗ്രത വർധിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അർഹതയ്ക്കനുസരിച്ചുള്ള വരുമാനം ലഭിച്ചുതുടങ്ങും. അതേസമയം അനാവശ്യ ചെലവുകളും മാനസിക പിരിമുറുക്കവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്.

ആയില്യം: തുടക്കത്തിൽ ചില തടസ്സങ്ങൾ നേരിടേണ്ടിവന്നാലും പിന്നീട് അനുകൂല ഫലങ്ങൾ ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും. പഠനത്തിൽ താൽപര്യം വർധിക്കും. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കാം. കായിക-കലാരംഗത്തും കഴിവ് തെളിയിക്കാൻ അവസരമുണ്ടാകും. ഗൃഹനിർമാണം, വാഹനം വാങ്ങൽ തുടങ്ങിയ കാര്യങ്ങളിൽ അനുകൂല സാഹചര്യമുണ്ടാകും. പൊതുവേ ജീവിതനിലവാരം മെച്ചപ്പെടും.

മകം: ജോലിസ്ഥലത്ത് കൂടുതൽ സമാധാനവും സഹകരണവും ലഭിക്കുന്ന സമയമാണ്. കൂട്ടായ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ ചുമതലകൾ ലഭിക്കാം. എന്നാൽ വ്യവഹാരങ്ങൾക്കും തർക്കങ്ങൾക്കും ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. മറ്റുള്ളവരുടെ തെറ്റായ ഉപദേശങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധ ആവശ്യമാണ്. യാത്രകൾ വർധിക്കും. കരുതിവെച്ച പണം അപ്രതീക്ഷിത ആവശ്യങ്ങൾക്കായി ചെലവാകാം. കുടുംബത്തിലും തൊഴിൽ മേഖലയിലും സ്ത്രീകളുടെ പിന്തുണ ലഭിക്കും. കലാരംഗത്തുള്ളവർക്ക് പുരസ്കാരപരിഗണനകൾ ലഭിക്കാൻ സാധ്യതയുണ്ട്. വാക്കുകളിൽ നിയന്ത്രണം പുലർത്തുന്നത് ദാമ്പത്യജീവിതത്തിൽ ഗുണം ചെയ്യും. വിദേശജോലി, പഠനം എന്നിവയ്ക്കുള്ള ശ്രമങ്ങൾ തുടരും. വർധിക്കുന്ന ചെലവുകൾ ആശങ്കയുണ്ടാക്കാം.

പൂരം: പഴയ ഓർമകളും അനുഭവങ്ങളും പുതിയ ഉണർവ് നൽകും. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ അൽപം ബുദ്ധിമുട്ടുണ്ടാകാം. ഔദ്യോഗിക രംഗത്ത് ശരാശരി പ്രകടനമായിരിക്കും. ആരംഭിച്ച സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും. ഔദ്യോഗിക ആവശ്യങ്ങൾ ഉൾപ്പെടെ യാത്രകൾ വർധിക്കും. വസ്തു വിൽപ്പനയിൽ ചില തടസ്സങ്ങൾ നേരിടാം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടും. പ്രസംഗങ്ങളിലും വേദികളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. ഗവേഷകർക്ക് പുതിയ വിവരങ്ങൾ കണ്ടെത്തി പഠനങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കും. പങ്കാളിത്ത ബിസിനസുകളിൽ തർക്കസാധ്യതയുള്ളതിനാൽ ജാഗ്രത വേണം. നിക്ഷേപങ്ങളിൽനിന്ന് വരുമാനം പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയും സഹിഷ്ണുതയും അനിവാര്യമാണ്.

ഉത്രം: ഏത് കാര്യത്തിലും ആദ്യ ശ്രമത്തിൽ തന്നെ വിജയം ലഭിക്കണമെന്നില്ല. വീണ്ടും ശ്രമിക്കേണ്ട സാഹചര്യമുണ്ടാകും. കരുതിവെച്ച പണം ചില ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ടിവരാം. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ വരുമാനമാർഗങ്ങൾ തുറന്നേക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണ കുറയാനും തെറ്റായ ഉപദേശങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. ബിസിനസിൽ വരുമാനം ഉയരും. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കും. വിദ്യാർത്ഥികൾക്ക് കലാ-കായിക പരിശീലനങ്ങളിൽ താൽപര്യം വർധിക്കും. ആശയവിനിമയശേഷി മെച്ചപ്പെടും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. വിവാഹം ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകാം. വിദേശയാത്രയ്ക്കുള്ള അവസരങ്ങളും തെളിയും. ഇടയ്ക്കിടെ മാനസിക സമ്മർദവും ക്ഷീണവും അനുഭവപ്പെടാം. വാഹനമോടിക്കുമ്പോൾ പ്രത്യേക ജാഗ്രത വേണം.

അത്തം: തൊഴിൽരംഗത്തും സാമ്പത്തികകാര്യങ്ങളിലും മുന്നേറ്റം പ്രതീക്ഷിക്കാം. പുതിയ ജോലി ലഭിക്കുകയോ നിലവിലെ തൊഴിൽ മേഖലയിൽ വളർച്ചയുണ്ടാകുകയോ ചെയ്യാം. ആസൂത്രണം ചെയ്ത കാര്യങ്ങൾ നടപ്പാക്കാൻ സാധിക്കും. നല്ലവരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും ശ്രദ്ധ നേടും. സ്ത്രീ സുഹൃത്തുക്കളുടെ പിന്തുണ ആശ്വാസം നൽകും. പഠിച്ച കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നതിലൂടെ അംഗീകാരം നേടാം. വസ്തു വാങ്ങാനും വിൽക്കാനും അവസരം ലഭിക്കും. അതേസമയം മാനസിക അസ്വസ്ഥതകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം. പങ്കാളിത്ത ഇടപാടുകളിൽ ജാഗ്രത പാലിക്കുക. വിദേശയാത്രകൾ വൈകുകയോ യാത്രയിൽ അലച്ചിൽ ഉണ്ടാകുകയോ ചെയ്യാം.

ചിത്തിര: താൽക്കാലികമായി ചെയ്തുവരുന്ന ജോലിയിൽ സ്ഥിരത നേടാൻ സാധ്യതയുണ്ട്. സ്വന്തമായി നടത്തുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം വിപുലീകരിച്ച് പുതിയ ശാഖ ആരംഭിക്കാനാകും. പഠനകാര്യങ്ങളിൽ താൽപര്യം വർധിക്കും. വിദൂരവിദ്യാഭ്യാസ കോഴ്സുകളിൽ ചേരാനുള്ള അവസരമുണ്ടാകും. കുടുംബാംഗങ്ങളുടെ അഭിപ്രായം പരിഗണിച്ച് ഗൃഹനിർമാണ പദ്ധതികൾ ആസൂത്രണം ചെയ്യും. ആവശ്യമായ അനുമതികൾ ലഭിക്കാനും സാധ്യതയുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകൾ നേരിടേണ്ടിവരും. പിന്നാമ്പുറ നീക്കങ്ങളിൽ ജാഗ്രത വേണം. മൃദുസമീപനം ഉപേക്ഷിച്ച് ചില കാര്യങ്ങളിൽ കർശന നിലപാട് സ്വീകരിക്കും. മകളുടെ വിവാഹം വൈകുന്നതിൽ ആശങ്കയുണ്ടാകാം. വ്യക്തിപരവും തൊഴിൽപരവുമായ യാത്രകൾ വർധിക്കും. ആഡംബര വസ്തുക്കൾ വാങ്ങാൻ സാധ്യതയുണ്ട്. പ്രണയകാര്യങ്ങളിൽ വികാരാധീനരാകാം. പ്രധാന തീരുമാനങ്ങളിൽ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം. ആരോഗ്യത്തിനും വിശ്രമത്തിനും സമയം കണ്ടെത്തണം.

ചോതി: ജനസ്വാധീനം വർധിക്കുകയും ഭൗതിക നേട്ടങ്ങൾ ലഭിക്കുകയും ചെയ്യുന്ന കാലയളവാണ്. സാമ്പത്തിക വരുമാനത്തിൽ വലിയ തടസ്സങ്ങൾ ഉണ്ടാകില്ല. പ്രണയത്തിലും ദാമ്പത്യജീവിതത്തിലും അനുകൂല സാഹചര്യങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അതൃപ്തി നേരിടേണ്ടിവരാം. ജോലിയിൽ ചില ക്ലേശങ്ങളും ഉണ്ടാകാം. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനും ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെ മുന്നോട്ടുപോകാനും കഴിയും. ദൂരദേശത്ത് പഠനാവസരം ലഭിച്ചേക്കും. വായ്പയ്ക്കായി വീണ്ടും അപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകാം. വ്യവസായ സ്ഥാപനത്തിന് പുതിയ ശാഖ ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടരും. വീടിന് വാടകക്കാരെ ലഭിക്കും. മക്കളുടെ കാര്യത്തിൽ ചെറിയ ആശങ്കകൾ ഉണ്ടായേക്കാം. ആരോഗ്യപരിശോധനകൾ കൃത്യമായി നടത്തുന്നത് ഗുണകരമാണ്.

വിശാഖം: വിശാഖം നക്ഷത്രക്കാർക്ക് ഈ മാസം തിരക്കേറിയതായിരിക്കും. തുലാക്കൂറുകാർക്ക് തൊഴിൽരംഗത്ത് സമാധാനം കുറയുകയും അലച്ചിൽ വർധിക്കുകയും ചെയ്യാം. വൃശ്ചികക്കൂറുകാർക്ക് മേലധികാരികളുടെ പ്രോത്സാഹനം ലഭിക്കുകയും ചുമതലകൾ സുഗമമായി പൂർത്തിയാക്കുകയും ചെയ്യും. പൊതുവിൽ സമയബന്ധിതമായി തീരുമാനങ്ങളെടുക്കാൻ കഴിയും. എന്നാൽ ചില സന്ദർഭങ്ങളിൽ മുഖം നോക്കാതെ അഭിപ്രായം പറയുന്നത് തിരിച്ചടിയാകാം. പൊതുപ്രവർത്തകർക്ക് സ്വീകാര്യതയിൽ കുറവുണ്ടാകാനും സഹപ്രവർത്തകർ തന്നെ വിയോജിക്കാനും സാധ്യതയുണ്ട്. സുഖസൗകര്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കാം. പ്രണയബന്ധങ്ങളിൽ നിരാശപ്പെടേണ്ടിവരില്ല. എതിർപ്പുകളെ അവഗണിച്ച് മുന്നോട്ടുപോകും. ഭൂമിതർക്കങ്ങളിൽ നിയമോപദേശം തേടുന്നത് ഉചിതമാണ്. മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാകാം. സാമ്പത്തിക ഇടപാടുകളിൽ സുരക്ഷയ്ക്ക് മുൻഗണന നൽകണം.

അനിഴം: തൊഴിൽ അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്ന സമയമാണ്. കഴിവിനും യോഗ്യതയ്ക്കും അംഗീകാരം ലഭിക്കും. സ്വന്തം കഴിവുകൾ തിരിച്ചറിയാനും അവ പ്രയോജനപ്പെടുത്താനുമുള്ള അവസരങ്ങൾ വരും. ഉദ്യോഗസ്ഥർക്ക് സമാധാനത്തോടെ ജോലി തുടരാനാകും. സ്ഥാനക്കയറ്റത്തിനും ശമ്പളവർധനയ്ക്കും സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകും. പ്രോജക്ടുകൾക്ക് മികച്ച മാർക്ക് നേടാനാകും. വിവാഹം ആഗ്രഹിക്കുന്നവർക്കും പുനർവിവാഹത്തിന് ശ്രമിക്കുന്നവർക്കും അനുകൂല സാഹചര്യങ്ങൾ തെളിയും. പിതാവിന്റെ പിന്തുണയും വാത്സല്യവും ലഭിക്കും. അകന്നുനിന്ന ബന്ധുക്കളുമായി വീണ്ടും അടുപ്പം സ്ഥാപിക്കാം. ധാർമിക, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകും. എന്നാൽ ആഡംബരച്ചെലവും യാത്രച്ചെലവും വർധിക്കാൻ സാധ്യതയുണ്ട്.

തൃക്കേട്ട: ഭാഗ്യവും ഗ്രഹാനുകൂല്യവും നേട്ടങ്ങൾക്ക് വഴിയൊരുക്കും. അർഹതയ്ക്കനുസരിച്ചുള്ള അംഗീകാരം ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ജോലി തേടി കാത്തിരിക്കുന്നവർക്ക് കഴിവിനൊത്ത അവസരം ലഭിക്കാം. സർക്കാർ തലത്തിൽ സ്വീകാര്യത നേടാൻ സാധിക്കും. പിതാവിൽനിന്ന് പൂർണ പിന്തുണ ലഭിക്കും. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഉപരിപഠനത്തിനുള്ള അവസരങ്ങളും തെളിയും. ബിസിനസുകാർക്ക് വിപണിയിലെ മത്സരത്തിൽ മുന്നിലെത്താം. സെമിനാറുകളിലും ചർച്ചകളിലും സജീവമായി പങ്കെടുക്കും. കലാ-കായിക രംഗത്തും പ്രോത്സാഹനം ലഭിക്കും. പ്രണയബന്ധങ്ങളിലെ തടസ്സങ്ങൾ മാറുകയും ദാമ്പത്യസ്വപ്നങ്ങൾ യാഥാർഥ്യമാകുകയും ചെയ്യും. മക്കളുടെ ഭാവിയെക്കുറിച്ച് ചെറിയ ആശങ്കകൾ ഉണ്ടാകാം. ഗൃഹനിർമാണം വൈകാൻ സാധ്യതയുണ്ട്. ആഡംബരച്ചെലവ് വർധിക്കും. അമിതമായ ചിന്ത ഉറക്കത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

മൂലം: തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾക്ക് സാധ്യത. പത്താം ഭാവത്തിലെ ബുധാദിത്യയോഗം പ്രൊഫഷണൽ രംഗത്ത് ഗുണകരമാകും. ജോലിസ്ഥലത്ത് കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാനും സഹപ്രവർത്തകരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് മുന്നോട്ടുപോകാനും കഴിയും. മികച്ച സമീപനത്തിന് അംഗീകാരവും ലഭിക്കും.

അഭിമുഖങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. കമ്പനികളിൽ ജോലി ലഭിക്കാനും നിലവിലെ ജോലിയിൽ പദവിയുയർച്ചയ്ക്കും സാധ്യതയുണ്ട്. വ്യാപാരം, വ്യവസായം, ഏജൻസി മേഖല എന്നിവയിലുള്ളവർക്ക് തൊഴിൽരംഗത്ത് ഉണർവ് അനുഭവപ്പെടും. നേരത്തെ നടത്തിയ നിക്ഷേപങ്ങളിൽ നിന്നുള്ള പണം തിരിച്ചുകിട്ടിത്തുടങ്ങും.

പഠനത്തിൽ സ്വയം താൽപര്യം വർധിക്കുകയും മത്സരപരീക്ഷകൾക്കായി ആത്മാർഥമായി പരിശീലിക്കാനും സാധിക്കും. ബന്ധങ്ങളിലെ തെറ്റിദ്ധാരണകൾ മാറി പ്രിയപ്പെട്ടവരുമായി വീണ്ടും ഒത്തുചേരാനും അവസരമുണ്ട്. എന്നാൽ നാലിലെ ശനി ചെറിയ മാനസിക വിഷമങ്ങൾക്കിടയാക്കാം. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

പൂരാടം: ആത്മാർഥമായ പ്രവർത്തനങ്ങൾക്കും സമർപ്പണത്തിനും അംഗീകാരം ലഭിക്കും. സംഘടനാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിഗണന ലഭിക്കാം. കർമമേഖലയിൽ പുതിയ ഉണർവ് അനുഭവപ്പെടുകയും സ്ഥാനക്കയറ്റത്തിന് സാധ്യത തെളിയുകയും ചെയ്യും.

ജോലി അന്വേഷിക്കുന്നവർക്ക് പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താനാകും. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്ന് അനുമതി ലഭിക്കാനുള്ള സാഹചര്യമുണ്ടാകും. സാങ്കേതിക വിഷയങ്ങളിൽ അറിവ് നേടാനുള്ള താൽപര്യവും വർധിക്കും.

സാമ്പത്തികമായി തൃപ്തികരമായ കാലമാണ്. ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ സമ്മാനമായി ലഭിക്കാം. പ്രണയബന്ധങ്ങൾക്ക് കുടുംബാംഗങ്ങളുടെ അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ പുതിയ നിർമാണ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടാം. മാനസിക സമ്മർദവും ദേഹസുഖക്കുറവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ വേണം.

ഉത്രാടം: പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. നിലവിലെ തൊഴിൽരംഗത്തെ അസ്വസ്ഥതകൾക്ക് പരിഹാരമാകും. ചെറുകിട സംരംഭകർക്ക് ബിസിനസ് വിപുലീകരിക്കാനുള്ള അവസരങ്ങൾ ലഭിക്കും. വായ്പയ്ക്കായി നൽകിയ അപേക്ഷകൾ അനുകൂലമായി പരിഗണിക്കപ്പെടാം.

സ്ത്രീകളുടെ മികച്ച സഹകരണം ലഭിക്കുകയും പ്രണയത്തിലെ തടസ്സങ്ങൾ മാറുകയും ചെയ്യും. പഠനം, ഗവേഷണം, സിമ്പോസിയം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കാനാകും. ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കാനും സാധ്യതയുണ്ട്.

മകരക്കൂറിലുള്ള ഉത്രാടക്കാർക്ക് യാത്രകൾ നേട്ടമാകും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും. എന്നാൽ നിലവിലെ ജോലി ഉപേക്ഷിക്കുന്ന കാര്യത്തിൽ സൂക്ഷ്മത വേണം. സാമ്പത്തിക വാഗ്ദാനങ്ങൾ യാഥാർഥ്യമാകുകയും നിക്ഷേപങ്ങളിൽനിന്ന് വരുമാനം ലഭിക്കുകയും ചെയ്യും. ഹ്രസ്വകാല കോഴ്സുകളിൽ ചേരാനും അവസരമുണ്ട്. വിവാഹജീവിതത്തിൽ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരസ്പര ധാരണയ്ക്ക് പ്രാധാന്യം നൽകണം.

തിരുവോണം: ആലോചിച്ച് ഉറപ്പിച്ച കാര്യങ്ങളുമായി മുന്നോട്ടുപോകും. വ്യാഴത്തിന്റെ അനുകൂല സ്വാധീനം വിജയസാധ്യത വർധിപ്പിക്കും. ആത്മവിശ്വാസം കൈവിടില്ല. നല്ലവരുടെ പിന്തുണയും ലഭിക്കും. ജോലി അഭിമുഖങ്ങളിൽ മികച്ച പ്രകടനം നടത്താനാകും.

തൊഴിൽകാര്യങ്ങളിൽ ക്ഷമ അനിവാര്യമാണ്. പാർട്ണർഷിപ്പ് സംരംഭങ്ങൾ ഗുണകരമാകും. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാനും ഉപജാപങ്ങളെ പ്രതിരോധിക്കാനും സാധിക്കും. ഊഹക്കച്ചവടം, ഇൻഷുറൻസ്, ചിട്ടി തുടങ്ങിയ മേഖലകളിൽനിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

എന്നാൽ ക്ഷോഭം നിയന്ത്രിക്കണം. രണ്ടാം ഭാവത്തിലെ രാഹു ചിലപ്പോൾ തെറ്റായ കാര്യങ്ങൾ പറയാൻ പ്രേരിപ്പിച്ചേക്കാം. വയോജനങ്ങളിൽനിന്ന് പ്രോത്സാഹനം ലഭിക്കും. മാസത്തിന്റെ പകുതിക്ക് ശേഷം തൊഴിൽരംഗത്തെ പുരോഗതി കൂടുതൽ സുഗമമാകും. ഗൃഹകാര്യങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി അധിക ചെലവുണ്ടാകാം. വിനോദയാത്രകൾക്കും തീർഥാടനത്തിനും അവസരമുണ്ടാകും.

അവിട്ടം: മുൻകൂട്ടി തീരുമാനിച്ച ചില കാര്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാം. ജന്മനക്ഷത്രത്തിലെ രാഹുവിന്റെ സാന്നിധ്യം ഇതിന് കാരണമാകാം. പ്രത്യേകിച്ച് കുംഭക്കൂറുകാർക്ക് സാമ്പത്തിക വരവ് പ്രതീക്ഷിച്ചത്ര സുഗമമാകണമെന്നില്ല.

മേലധികാരികളുടെ പിന്തുണ ലഭിക്കുന്നതിൽ കാലതാമസം നേരിടാം. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം വർധിക്കാം. അതേസമയം വ്യവഹാരങ്ങളിൽ അനുകൂല വിധിക്ക് സാധ്യതയുണ്ട്. ഇൻഷുറൻസ് തുക, കുടിശികയായി ലഭിക്കുന്ന പണം തുടങ്ങിയവ ഉപയോഗിച്ച് കടബാധ്യതകൾ കുറയ്ക്കാനാകും.

പ്രവർത്തന മേഖല വിപുലീകരിക്കാനും മറ്റുള്ളവരുടെ സഹായസഹകരണങ്ങൾ നേടാനും സാധിക്കും. പഠനനിലവാരം മെച്ചപ്പെടും. ഓൺലൈൻ ക്ലാസുകളിൽ സജീവമാകാനും കഴിയും. രോഗീപരിചരണത്തിനായി സമയം മാറ്റിവയ്ക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ചർമ്മസംബന്ധമായും സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ടും ജാഗ്രത പുലർത്തണം.

ചതയം: ഭാവികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാലാനുസൃതമായ മാറ്റങ്ങൾ സ്വീകരിക്കുമ്പോഴും പഴയ രീതികളിലെ ഗുണങ്ങൾ പൂർണമായി ഉപേക്ഷിക്കില്ല. ഔദ്യോഗിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്.

നിലവിലെ ജോലിയിൽ അസംതൃപ്തിയുണ്ടായാലും ജോലി ഉപേക്ഷിക്കുന്ന തീരുമാനം തിടുക്കത്തിൽ എടുക്കരുത്. പുതിയ അവസരങ്ങൾ എളുപ്പത്തിൽ ലഭിക്കണമെന്നില്ല. കേസുകളിൽനിന്ന് ആശ്വാസം ലഭിക്കാമെങ്കിലും സിവിൽ വ്യവഹാരങ്ങൾ നീണ്ടുപോകാൻ സാധ്യതയുണ്ട്.

പുതിയ സംരംഭത്തിൽ വൻതുക നിക്ഷേപിക്കുന്നതിനേക്കാൾ നിലവിലുള്ള സംരംഭത്തിലെ പോരായ്മകൾ പരിഹരിച്ച് മുന്നേറുന്നതാണ് ഉചിതം. ബുധന്റെ അനുകൂല സ്ഥിതി പഠനത്തിൽ ലക്ഷ്യബോധം നൽകും. പ്രോജക്ടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകും. ദാമ്പത്യജീവിതത്തിൽ വലിയ അസ്വസ്ഥതകൾ ഉണ്ടാകില്ലെങ്കിലും കൂട്ടുകെട്ടുകളിൽ ജാഗ്രത ആവശ്യമാണ്.

പൂരൂരുട്ടാതി: ഗൗരവപൂർണമായ പെരുമാറ്റത്തിലൂടെ ആദരവ് നേടും. കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവും പ്രശംസിക്കപ്പെടും. തൊഴിലിടത്ത് മാറ്റം കൊണ്ടുവരാൻ ആഗ്രഹമുണ്ടാകുമെങ്കിലും നിലവിലെ സാഹചര്യങ്ങൾ അതിന് അനുകൂലമല്ലെന്ന് തിരിച്ചറിയേണ്ടി വരും.

ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന സഹപ്രവർത്തകരെ ശാസിക്കുന്നത് ശത്രുത വർധിപ്പിക്കാം. അതിനാൽ ഇടപെടലുകളിൽ സംയമനം പാലിക്കണം. ഭൂമി വിൽപ്പനയിലെ തടസ്സങ്ങൾ മാറുകയും ഗൃഹനിർമാണം പുരോഗമിക്കുകയും ചെയ്യും.

ഉപരിപഠനത്തിനും വിദൂര വിദ്യാഭ്യാസത്തിനും അവസരങ്ങൾ ലഭിക്കും. പുനർവിവാഹം ആഗ്രഹിക്കുന്നവർക്ക് കുടുംബാംഗങ്ങളിൽനിന്ന് അനുകൂലമായ ഇടപെടലുകൾ ഉണ്ടാകാം. വീട്ടിലെ വയോജനങ്ങളുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തരുത്. ജീവിതശൈലീരോഗങ്ങളുള്ളവർ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം.

ഉത്രട്ടാതി: പൊതുവേ സമ്മർദം നിറഞ്ഞ കാലഘട്ടമായിരിക്കും. ജന്മരാശിയിൽ തുടരുന്ന വക്രശനിയുടെ സ്വാധീനം സാമ്പത്തിക കാര്യങ്ങളിലും പ്രകടമാകാം. ഇടപാടുകളിൽ വ്യക്തത പാലിക്കണം. സാമ്പത്തിക കാര്യങ്ങളിൽ ചെറിയ പിഴവുകൾ പോലും പ്രശ്നങ്ങൾക്ക് വഴിവെക്കാം.

നിലവിലെ ജോലിയിൽ സാമാന്യമായ പുരോഗതി പ്രതീക്ഷിക്കാം. എന്നാൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ അനുയോജ്യമായ സമയമല്ല. വിദേശത്തേക്ക് പോകാനോ വിദേശത്തുനിന്ന് തിരിച്ചുവരാനോ അവസരം ലഭിച്ചേക്കാം. ആഗ്രഹിക്കാതെയുണ്ടാകുന്ന ചില മാറ്റങ്ങളെയും നേരിടേണ്ടിവരും.

ഭാവനയും സർഗാത്മകതയും ഒരുമിച്ച് പ്രവർത്തിക്കും. കലാ-കായിക മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ തുടരാം. കാര്യങ്ങൾ മനഃപൂർവം വൈകിപ്പിക്കുന്ന ശീലം ഒഴിവാക്കണം. സുഖസൗകര്യങ്ങൾ അനുഭവിക്കാൻ അവസരമുണ്ടാകും. പ്രണയത്തിൽ ഉറച്ചുനിൽക്കുമെങ്കിലും ശാഠ്യം ശത്രുക്കളെ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

രേവതി: മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ സാധിക്കും. നക്ഷത്രാധിപനായ ബുധന് അനുകൂലമായ സ്ഥിതിയുള്ളതിനാൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിൽ തടസ്സങ്ങൾ കുറയും. സ്വന്തം അഭിപ്രായങ്ങൾക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കാനും സാധ്യതയുണ്ട്.

ഉദ്യോഗസ്ഥർക്ക് തൊഴിൽരംഗത്ത് സാമാന്യം മികച്ച നേട്ടങ്ങൾ കൈവരിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് മാസാവസാനത്തോടെ നിയമന ഉത്തരവ് ലഭിക്കാനുള്ള സാധ്യതയുണ്ട്. കന്നിയിൽ ശനി മാറുന്നത് ആശ്വാസം നൽകും.

കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. മക്കളുടെ പഠനം, ജോലി തുടങ്ങിയ കാര്യങ്ങളിലെ ആശങ്കകൾക്ക് കുറവുണ്ടാകും. ശാസ്ത്രം, നിയമം, മാധ്യമം, ബാങ്കിംഗ്, അധ്യാപനം തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ സ്വന്തമാക്കാം. ദൂരദേശങ്ങളിൽ കഴിയുന്ന പ്രിയപ്പെട്ടവരുമായി വീണ്ടും ഒത്തുചേരാനും അവസരം ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img