
കൊല്ലം: കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 37കാരി മരിച്ചു. ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനിയാണ് മരിച്ചത്.
ഒരാഴ്ച മുൻപാണ് വീടിനുള്ളിൽ ഗ്യാസ് കുറ്റിക്ക് സമീപത്തുവച്ച് ശാലിനിക്ക് പാമ്പുകടിയേറ്റത്. തുടർന്ന് ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഇതോടെ അഞ്ചലിലെ ആശുപത്രിയിലെത്തി മരുന്ന് വാങ്ങുകയായിരുന്നു.
എന്നാൽ ഇന്നലെ ആരോഗ്യനില വീണ്ടും വഷളായതോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് ശാലിനിയുടെ മരണം സംഭവിച്ചത്.
സംഭവത്തിൽ കടയ്ക്കൽ പൊലീസ് നടപടികൾ ആരംഭിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശാലിനിയുടെ ഭർത്താവ് അനീഷ് വിദേശത്താണ്.










