
കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച് യുവതി. ശൂരനാട് സ്വദേശിനിയായ അശ്വതിയും മകൾ അമൃതയും ചേർന്നാണ് അശ്വതിയുടെ അമ്മ രാധാമണിയെ ആക്രമിച്ചത്. അശ്വതി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് പറയുന്നത്. അമ്മ രാധാമണിയെ ആക്രമിച്ച സംഭവത്തിൽ അശ്വതിക്കും മകൾ അമൃതയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ചടയമംഗലം പൊലീസ് കേസെടുത്തു. ഇരുവരും സംഭവത്തിന് പിന്നാലെ ഒളിവിലാണ്.
വീടും സ്ഥലവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അമ്മയെ ആക്രമിച്ചതെന്നാണ് പരാതി. തിളച്ച വെള്ളം ഒഴിച്ചതിന് പിന്നാലെ രാധാമണിക്ക് പൊള്ളലേറ്റു. അശ്വതിയുടെ മകൾ അമൃതയും രാധാമണിയെ ഉപദ്രവിച്ചതായി പരാതിയുണ്ട്. സംഭവത്തിനു പിന്നാലെ ഒളിവിൽപോയ ഇരുവർക്കുമായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
അശ്വതിക്കെതിരെ നേരത്തെയും സമാനമായ ആരോപണം ഉയർന്നിരുന്നു. എട്ട് മാസം മുൻപ് പിതാവ് അശോകന്റെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് ആരോപണം. ഈ സംഭവത്തിലും ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു.
ഹണിട്രാപ്പ് മുതൽ സാമ്പത്തിക തട്ടിപ്പ് വരെ
ഹണിട്രാപ്പും സാമ്പത്തിക തട്ടിപ്പും ഉൾപ്പെടെ നിരവധി കേസുകളിൽ അശ്വതി പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് രേഖകൾ വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ‘അശ്വതി അച്ചു’ എന്ന പേരിലും മറ്റുപേരുകളിലും വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് പലരെയും വലയിലാക്കിയതെന്നാണ് ആരോപണം.
മറ്റു പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത ശേഷമാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ. പൊലീസുകാർ ഉൾപ്പെടെ നിരവധി പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായതായി ആരോപണമുണ്ടായിരുന്നു. എന്നാൽ സാമ്പത്തിക നഷ്ടവും നാണക്കേടും ഭയന്ന് പലരും പരാതി നൽകാൻ തയ്യാറായില്ലെന്നാണ് വിവരം.
പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു അശ്വതിയുടെ മറ്റൊരു രീതിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല ചാറ്റുകളിലേക്ക് എത്തിക്കുകയും പിന്നീട് ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തെന്നാണ് ആരോപണം.
കൊല്ലം റൂറൽ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയിലാണ് 2022ൽ അശ്വതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി പലതവണയായി ഏകദേശം ഒരു ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു പരാതി. തുടർന്ന് കേസ് തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം പിന്നീട് മുന്നോട്ടുപോയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
വിവാഹവാഗ്ദാനം നൽകി 68കാരനിൽ നിന്ന് പണം വാങ്ങിയെന്ന കേസ്
വിവാഹവാഗ്ദാനം നൽകി 68കാരനിൽ നിന്ന് പണം തട്ടിയെന്ന പരാതിയിലും അശ്വതി അറസ്റ്റിലായിട്ടുണ്ട്. ഭാര്യ മരിച്ചതിന് പിന്നാലെ ഭിന്നശേഷിക്കാരിയായ മകളെ സംരക്ഷിക്കാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് പൂവാർ സ്വദേശിയായ 68കാരൻ രണ്ടാം വിവാഹത്തിന് ശ്രമിച്ചത്.
ഇതിനായി ബ്രോക്കർമാരെ സമീപിച്ചപ്പോഴാണ് അശ്വതിയുമായി പരിചയപ്പെടുന്നത്. വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ച അശ്വതി, കടം തീർക്കാനായി 40,000 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. പണം നൽകിയതിന് പിന്നാലെ അശ്വതി ഫോണിൽ നിന്ന് അകന്നതായും പിന്നീട് വിളിച്ചപ്പോൾ പ്രതികരിക്കാതിരുന്നതായും പരാതിക്കാരൻ പൊലീസിനെ അറിയിച്ചു.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പണം കടമായി വാങ്ങിയതാണെന്നും തിരികെ നൽകാമെന്നും ചോദ്യം ചെയ്യലിൽ അശ്വതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ പണം തിരികെ നൽകാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുട്ടടയിലെ വാടക ഫ്ലാറ്റിൽ നിന്ന് 2023 മേയിൽ അശ്വതിയെ അറസ്റ്റ് ചെയ്തത്. നിലവിൽ അമ്മയെ ആക്രമിച്ച കേസിൽ വീണ്ടും അശ്വതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.










