09:54pm 10 November 2026
NEWS
കരുനാഗപ്പള്ളിയിലെ തുഷാരയെ പട്ടിണിക്കിട്ട് കൊന്ന ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം


28/04/2025  05:29 PM IST
nila
കരുനാഗപ്പള്ളിയിലെ തുഷാരയെ പട്ടിണിക്കിട്ട് കൊന്ന ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

സ്ത്രീധനത്തിൻ്റെ പേരിൽ കരുനാഗപ്പള്ളിയിലെ തുഷാരയെ പട്ടിണിക്കിട്ട് കൊന്ന ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവുശിക്ഷ. കൊല്ലംപൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), രണ്ടാം പ്രതി ചന്തുലാലിന്റെ അമ്മ ഗീത (61) എന്നിവർക്കാണ് കോടതി  ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയാണ് ചന്തുലാൽ. അമ്മ ​ഗീത രണ്ടാംപ്രതിയും. കേസിലെ മൂന്നാംപ്രതി ചന്തുലാലിന്റെ അച്ഛൻ ലാലിനെ (67) ആറുമാസംമുൻപ് ഇത്തിക്കരയാറിന്റെ കരയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജി എസ്. സുഭാഷിന്റെ ശിക്ഷാ വിധിയിൽ പറയുന്നു.

 2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. സ്ത്രീധനത്തിൻ്റെ പേരിലായിരുന്നു ഇരുപത്തെട്ടുകാരിയായ തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. മാർച്ച് 21ന് രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ക്രൂര കൊലപാതകം ചുരുളഴിഞ്ഞു. ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെറും 21 കിലോ മാത്രമേ ഉണ്ടായിരുന്നോള്ളൂ. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. 

2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിൻ്റെയും വിവാഹം. സ്ത്രീധനത്തിൻ്റെ പേരിൽ മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും ഭർത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുഷാരയുടെ മരണത്തിലാണ് ആ പീഡനം അവസാനിച്ചത്. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാൻ പ്രതികൾ സമ്മതിച്ചിരുന്നില്ല. തുഷാരയ്ക്ക് രണ്ടു പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല. അമ്മ കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭർത്താവും ഭർതൃമാതാവും വിലക്കി. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് തുഷാര കിടപ്പ് രോഗിയാണെന്ന് പ്രതികൾ ധരിപ്പിച്ചു. മാത്രമല്ല അമ്മയുടെ പേര് രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണെന്നും അധ്യാപികയെ വിശ്വസിപ്പിച്ചു. ശാസ്ത്രീയമായ തെളിവുകൾക്ക് ഒപ്പം അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതിൽ നിർണായകമായത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img