04:28am 08 November 2026
NEWS
കൊല്ലം - തേനി ദേശീയ പാതക്കായി സ്ഥലമെടുപ്പ് സംബന്ധിച്ച വിശദ വിവരങ്ങളിതാ..
27/03/2025  10:06 AM IST
nila
കൊല്ലം - തേനി ദേശീയ പാതക്കായി സ്ഥലമെടുപ്പ് സംബന്ധിച്ച വിശദ വിവരങ്ങളിതാ..

കൊല്ലം– തേനി ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം പുറത്തിറങ്ങി. കൊല്ലം കടവൂർ മുതൽ വയ്യാങ്കര വരെയുള്ള ഭാഗത്തും വയ്യാങ്കര മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുമുള്ള ആലപ്പുഴ ജില്ലയുടെ ഭാഗത്തുമായി സ്ഥലം ഏറ്റെടുക്കുന്നതിന് രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കിയത്. എൻഎച്ച് 183 നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കൽ പ്രവർത്തനങ്ങൾ ഇതോടെ ഊർജ്ജിതമാകും.

സ്ഥലമേറ്റെടുക്കൽ വിജ്ഞാപനമായതോടെ ഏറ്റെടുക്കാനുള്ള ഭൂമിയിൽ കല്ലിട്ട് അടയാളപ്പെടുത്തൽ ആരംഭിക്കും. 24 മീറ്ററാണ് റോഡിന്റെ വീതി. പരമാവധി വളവുകൾ ഒഴിവാക്കുന്ന വിധമാണു രൂപരേഖ. ചിറ്റുമല, ഭരണിക്കാവ്, താമരക്കുളം, ഗുരുനാഥൻകുളങ്ങര, ചുനക്കര തെരുവിൽമുക്ക്, ആല എന്നിവിടങ്ങളിൽ വളവുകൾ നിവർത്തി റോഡ് നേരെയാക്കും. കൊല്ലം ജില്ലയിലെ ചക്കുവള്ളിയിൽ അടിപ്പാതയും ഉണ്ടാവും. പെരുനാട് റെയിൽവേ മേൽപാലം, കടപുഴ, കൊല്ലകടവ് എന്നിവിടങ്ങളിൽ വലിയ പാലങ്ങൾ എന്നിവയും പാതയ്ക്കായി നിർമിക്കും. ചാരുംമൂട് ജംക്‌ഷൻ നവീകരണവും ഉണ്ടാകും. 

വളവുകൾ നിവർത്തി പുനർനിർമിക്കുന്നതോടെ പാതയുടെ ആകെ ദൂരത്തിൽ മൂന്നു കിലോമീറ്റർ നീളം കുറയും.24 മീറ്റർ വീതിയിലുള്ള റോഡിൽ ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും യൂട്ടിലിറ്റി ഡക്ടും ഉണ്ടാകും. റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡർ, ചാരുംമൂട് ഉൾപ്പെടെ പ്രധാന ജംക്‌ഷനുകളിൽ ബസ് ബേ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും

ഒരു വർഷത്തിനുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കി മുഴുവൻ സ്ഥലവും ഏറ്റെടുത്തു റോഡുപണി ആരംഭിക്കാനാണു നിർദേശം. മൂന്നു വർഷം കൊണ്ട് ദേശീയപാത വികസനം പൂർത്തിയാക്കാനാണു മന്ത്രാലയം ലക്ഷ്യമിടുന്നത്. കൊല്ലം - തേനി പാത നാലുവരി ആക്കുന്നതിന്റെ ഭാ​ഗമായി 1,800ലേറെ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമെന്നാണു കണക്കുകൂട്ടൽ. ഇവയിൽ 70 ശതമാനവും വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളും താൽക്കാലിക നിർമിതികളുമാണ്. അവശേഷിക്കുന്ന 30 ശതമാനം മാത്രമാണ് വാസയോ​ഗ്യമായ വീടുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img