
കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയും വിവാദത്തിൽ. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ നടത്തിയ ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം പാടിയതാണ് ഇപ്പോൾ വിവാദമാകുന്നത്. നാഗർകോവിൽ ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പ് അവതരിപ്പിച്ച പരിപാടിയിലാണ് ആർ.എസ്.എസ് ഗണഗീതം പാടിയത്. സംഭവത്തിൽ കോട്ടുക്കൽ സ്വദേശി പ്രതിൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇന്നലെയാണ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോൺസർ ചെയ്തത്. അവർ നേരത്തെ തന്നെ ഈപാട്ട് പാടണമെന്ന് നിർദ്ദേശിച്ചിരുന്നു എന്നാണ് ഗാനമേള ട്രൂപ്പ് അധികൃതർ പറയുന്നത്. ആർ.എസ്.എസുമായി ബന്ധപ്പെട്ട രണ്ടു പാട്ട് പാടണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ അതിലൊന്ന് തങ്ങൾക്ക് അറിയില്ലെന്ന് മറുപടി നൽകിയിരുന്നു. പരിപാടിക്കിടെ നാട്ടുകാരും ആർ.എസ്.എസ് ഗണഗീതം പാടണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഗാനമേള ട്രുപ്പ് പറയുന്നത്.
തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ക്ഷേത്രമാണിത്. ക്ഷേത്ര പരിസരത്ത് ആർ.എസ്.എസിിന്റെ കൊടിതോരണങ്ങൾ കെട്ടിയതിൽ ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയും പരാതി നൽകിയിട്ടുണ്ട്.











