03:20am 06 October 2026
NEWS
കൊല്ലം രാജു വധം: ഭാര്യയ്ക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്താനാകില്ലെന്ന് പൊലീസ്; ആൺസുഹൃത്ത് നിരീക്ഷണത്തിൽ
05/10/2026  12:38 PM IST
nila
കൊല്ലം രാജു വധം: ഭാര്യയ്ക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്താനാകില്ലെന്ന് പൊലീസ്; ആൺസുഹൃത്ത് നിരീക്ഷണത്തിൽ

കൊല്ലം: പെരിനാട് വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജു (53) കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കേസിൽ അറസ്റ്റിലായ ഭാര്യ ലേഖ മേരി (48)യ്ക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്താനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ലേഖയുടെ ആൺസുഹൃത്തിനെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇയാളെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

സ്വത്തുതർക്കത്തെ തുടർന്നാണ് രാജുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയാണ് ലേഖയും വീടിനടുത്ത് താമസിക്കുന്ന ഭർതൃസഹോദരൻ ബൈജുവും ചേർന്ന് രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും രാജു മരിച്ചിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ രാജു കുഴഞ്ഞുവീണെന്നാണ് ലേഖ ആശുപത്രി അധികൃതരോട് പറഞ്ഞത്.

എന്നാൽ രാജുവിന്റെ കഴുത്തിൽ അസ്വാഭാവികമായ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. ബന്ധുക്കളും മരണത്തിൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കഴുത്തിൽ ശക്തമായി അമർത്തിയതിന്റെ പാടുകൾ കണ്ടെത്തിയത്. കുഴഞ്ഞുവീണതിന്റെ സൂചനകളില്ലെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചു.

ഇതോടെയാണ് ലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ രാജുവിനെ കൊലപ്പെടുത്തിയതായി ലേഖ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.

വീട്ടിൽ രാജുവും ലേഖയും മാത്രമാണ് താമസിച്ചിരുന്നത്. ഏക മകൾ ബന്ധുവീട്ടിൽ താമസിച്ചാണ് പഠിക്കുന്നത്. ദമ്പതികൾക്കിടയിൽ നേരത്തെയും നിരന്തരം വഴക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

രാജുവിന് അടുത്തിടെ ലഭിച്ച കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന ലേഖയുടെ ആവശ്യമാണ് തർക്കത്തിന് പ്രധാന കാരണമെന്നാണ് വിവരം. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ രാജു ലേഖയെ മർദിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

അതേസമയം, കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ലേഖയുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img