
ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായി ഭർത്താവിനെതിരെ പരാതി. സംഭവം ചോദ്യം ചെയ്തതിനു പിന്നാലെ ഭാര്യയെ ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. പരാതിക്കാരിയായ യുവതിയും ഭർത്താവും കൊല്ലം സ്വദേശികളാണ്.
തനിക്ക് മാത്രം കാണുന്നതിനായി എന്നുപറഞ്ഞാണ് ഭർത്താവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ പിന്നീട് ഇവ അശ്ലീല സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. ദൃശ്യങ്ങൾ സൈറ്റുകളിൽ പ്രചരിക്കുന്ന വിവരം സുഹൃത്തുക്കളാണ് യുവതിയെ അറിയിച്ചത്.
വിദേശത്തായിരുന്ന യുവതി വിവരമറിഞ്ഞതിനു പിന്നാലെ നാട്ടിലെത്തി. ഭർത്താവിനെ കൗൺസിലിങ്ങിലൂടെ മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിൽ ഇയാളെയും നാട്ടിലെത്തിച്ചു. തുടർന്ന് രണ്ടു ദിവസം കൗൺസിലിങ്ങിന് കൊണ്ടുപോയി.
എന്നാൽ മൂന്നാം ദിവസം കാര്യങ്ങൾ കൈവിട്ടു. ഭർത്താവ് ക്രൂരമായി മർദിച്ചതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. മർദനത്തിൽ പരുക്കേറ്റ യുവതി ചികിത്സയിലാണ്.
ഭർത്താവുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.










