08:50pm 12 November 2026
NEWS
കൊല്ലം മോഹൻ അന്തരിച്ചു; വിട പറഞ്ഞത് കേരളശബ്ദത്തിന്റെയും നാന സിനിമാ വാരികയുടെയും ദീർഘകാല ഫോട്ടോഗ്രാഫർ
12/11/2026  07:55 PM IST
nila
കൊല്ലം മോഹൻ അന്തരിച്ചു; വിട പറഞ്ഞത് കേരളശബ്ദത്തിന്റെയും നാന സിനിമാ വാരികയുടെയും ദീർഘകാല ഫോട്ടോഗ്രാഫർ

കേരളശബ്ദം, നാന സിനിമാ വാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫർ ആയിരുന്ന പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. കുടുംബസമേതം യാത്രയ്ക്കിടെ നവംബർ 12 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മാർത്താണ്ഡത്തുവച്ച് ട്രെയിനിൽനിന്ന് കാൽവഴുതി വീണായിരുന്നു അന്ത്യം. 

1953 ആഗസ്റ്റ് 5 ന് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് ജനനം. അച്ഛൻ ശങ്കരനാരായണപിള്ള. അമ്മ ലക്ഷ്മികുട്ടിയമ്മ. ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത ആവേശമാണ് കൊല്ലത്ത് എത്തിച്ചത്. ജ്യേഷ്ഠൻ വേലായുധൻ നായരാണ് ആദ്യഗുരു. പിന്നീടുള്ള കാലം മുഴുവൻ ജീവിതം കൊല്ലത്ത്. അങ്ങനയാണ് മോഹനൻ നായർ കൊല്ലം മോഹൻ ആയി അറിയപ്പെടുന്നത്. 

കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ഫോട്ടോഗ്രാഫറായിട്ടായിരുന്നു ഔദ്യോഗിക ജീവിതം. നാന, മഹിളാരത്‌നം, കേരള ശബ്ദം, കുങ്കുമം , ജ്യോതിഷരത്‌നം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി എണ്ണമറ്റ ചിത്രങ്ങൾ എടുത്തു. അടൂർഗോപാലകൃഷ്ണൻ്റെ മുഖാമുഖം, മതിലുകൾ, അനന്തരം എന്നീ ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു. ലക്ഷ്മിപ്രിയ പ്രൊഡക്ഷൻസ് നിർമ്മിച്ച അഞ്ച് ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചു. 

നാനക്കു വേണ്ടി ചിത്രങ്ങൾ എടുത്തതിലുടെ അനവധി ചലചിത്ര താരങ്ങളുമായി അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു . മോഹൻലാലിനെ കുറിച്ചുള്ള ഓർമ്മകൾ 'സൂംലെൻസിലൂടെ മോഹൻലാൽ' എന്ന പേരിൽ രചിച്ച ഒരു സചിത്ര ഗ്രന്ഥം 2018 ൽ ഡോൺ ബുക്സ് പ്രസിദ്ധീകരിച്ചു. മാക്ടയിലെ അജീവനാന്ത അംഗമാണ്. ഭാര്യ രുഗ്മിണി ദേവി, മക്കൾ : രഞ്ജിനി, രഞ്ജിത്ത്, മരുമകൻ ആദർശ് . കൊല്ലം കാവനാട് കുരിപ്പുഴ ഈസ്റ്റ്, മണലിൽ, ലക്ഷ്മി ഭവനിലായിരുന്നു കുടുംബ സമേതം താമസം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img